Kerala
സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തം: പ്രതിപക്ഷ നേതാവിന്റെ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം | സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപ്പിടുത്തമുണ്ടായ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പരാതിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയുട് ഓഫീസിനോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിക്കുന്ന പോലീസ് സംഘം പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളുടെയും പരിശോധന തുടങ്ങി. തീപിടിത്തത്തില്‍ നഷ്ടപ്പെട്ട ഫയലുകള്‍ ഏതൊക്കെയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പരിശോധന. ഫയല്‍ പരിശോധനാ നടപടികളുടെ വീഡിയോയും ചിത്രീകരിക്കുന്നുണ്ട്.
ഭാഗികമായി കത്തി നശിച്ച ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. പൊതുഭരണവകുപ്പിലെ മുഴുവന്‍ ജീവനക്കാരുടെയും മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. താല്‍ക്കാലികമായി എട്ടു സിസിടിവി ക്യാമറകളും പൊതുഭരണവിഭാഗത്തില്‍ സ്ഥാപിച്ചു.