International
ലോറ ചുഴലിക്കാറ്റ്; നാളെ പുലര്‍ച്ചയോടെ അമേരിക്കന്‍ തീരംതൊടും

വാഷിംഗ്ടണ്‍ | ലോറ ചുഴലിക്കാറ്റ് അമേരിക്കയിലെ ടെക്സാസിലും ലൂസിയാനയിലും നാളെ പുലര്‍ച്ചയോടെ വീശിയടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലകളില്‍ നിന്ന് ജനങ്ങളോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഏകദേശം അഞ്ച് ലക്ഷത്തോളം പേരെ മാറ്റിതാമസിപ്പിക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.
ബ്യൂമോണ്ട്, ഗാല്‍വസ്റ്റണ്‍, പോര്‍ട്ട് ആര്‍തര്‍ എന്നീ ടെക്സാസ് നഗരങ്ങളില്‍ നിന്ന് 385,000 പേരോട് മാറിത്താമസിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 13 അടി(4 മീറ്ററോളം) ഉയരത്തില്‍ തിരകള്‍ ആഞ്ഞടിക്കാനിടയുള്ളതിനാല്‍ ലൂസിയാനയിലെ താഴ്ന്ന തീരപ്രദേശങ്ങളില്‍ നിന്ന് രണ്ട് ലക്ഷത്തോളം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോറ ചുഴലിക്കാറ്റിന് കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സഹായകമായ ഉഷ്ണകാലാവസ്ഥയാണ് നിലവിലുള്ളത്. കര തൊടുന്നതിന് മുമ്പ് 115 മൈല്‍/മണിക്കൂര്‍(185 കിമീ/മണിക്കൂര്‍) വേഗത്തില്‍ കാറ്റഗറി 3 ചുഴലിക്കാറ്റായി ലോറ മാറിയേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍ കാറ്റിന്റെ പാത മാറുന്നതിനനുസരിച്ച് ഭീഷണി കുറയാനിടയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.ലോറ ചുഴലിക്കാറ്റിന്റെ ഉപഗ്രഹച്ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബഹിരാകാശ പരീക്ഷണശാലയിലുള്ള നാസയുടെ ബഹിരാകാശയാത്രികന്‍ ക്രിസ് കാസ്സിഡി ലോറ ചുഴലിക്കാറ്റിന്റെ സഞ്ചാരചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.