Connect with us

Kerala

എം വി ശ്രേയാംസ്‌കുമാര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം | ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 41ന് എതിരെ 88 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ശ്രേയാംസ്‌കുമാറിന്റെ വിജയം. എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലാണ് മകന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. ഒരു വോട്ട് അസാധുവായി. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ വരണാധികാരിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാറാം മീണ നിരീക്ഷകനുമായിരുന്നു.

1967 ഏപ്രില്‍ 15ന് വീരേന്ദ്രകുമാറിന്റെയും ഉഷ വീരേന്ദ്രകുമാറിന്റെയും മകനായി കല്‍പ്പറ്റയിലാണ് ശ്രേയാംസ് കുമാറിന്റെ ജനനം. 2006ലും 2011ലും കല്‍പറ്റ നിയോജകമണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മാതൃഭൂമി മാനേജിങ് ഡയറക്ടറായ അദ്ദേഹം ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി കേരള റീജണല്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ്, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിക്കുന്നുണ്ട്. “യാത്ര പറയാതെ” എന്ന യാത്രാവിവരണ ഗ്രന്ഥവും രചിച്ചു.

കവിതയാണ് ഭാര്യ. മക്കള്‍: എം.എസ്. മയൂര, ദേവിക, ഗായത്രി, ഋഷഭ്.

Latest