International
കിം ജോംഗ് ഉൻ കോമയിൽ; സഹോദരി ഭരണം ഏറ്റെടുത്തതായി റിപ്പോർട്ട്

സോൾ| ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ അബോധാവസ്ഥയിലാണെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങളുടെ റിപോർട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഉത്തര കൊറിയ പുറത്തു വിട്ട കിം ജോംഗിന്റെ ചിത്രങ്ങൾ വ്യാജമാണെന്നും സഹോദരി കിം യോ ജോംഗ് ആണിപ്പോൾ സുപ്രധാന ഭരണ ചുമതലകൾ വഹിക്കുന്നതെന്നും ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റ് കിം ദായ് ജംഗിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന ചാംഗ് സോംഗ് മിൻ പറഞ്ഞതായാണ് റിപോർട്ടുകൾ.
കോമയിലാണെങ്കിലും അദ്ദേഹത്തിന്റെ ജീവൻ നഷ്ടപെട്ടിട്ടില്ല. ദേശീയ, അന്താരാഷട്ര കാര്യങ്ങളുടെ നിയന്ത്രണം ഇപ്പോൾ ഉന്നിന്റെ സഹോദരിയുടെ പക്കലാണ്. ഭരണചുമതല വഹിക്കാൻ കഴിയാത്ത അവസ്ഥയിൽ രോഗം മൂലം അവശരാകുകയോ അല്ലെങ്കിൽ അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയോ ചെയ്താലല്ലാതെ ഉത്തര കൊറിയൻ ഭരണാധികാരികൾ ഭരണ നിയന്ത്രണം മറ്റൊരാളെ ഏൽപ്പിക്കില്ല.ഭരണാധികാരിയുടെ മരണത്തെക്കുറിച്ച് ഏതാനും അഴ്ചകളായി അഭ്യൂഹങ്ങൾ ഉയർന്നതോടെയാണ് വെളിപ്പെടുത്തലുമായി ചാംഗ് സോംഗ് രംഗത്തെത്തിയത്.
ഭരണ കൈമാറ്റത്തിനുള്ള പൂർണ ഘടനക്ക് രൂപമായിട്ടില്ലെന്നും ഭരണതലവനില്ലാതെ ദീർഘകാലം മുന്നോട്ടു പോകില്ലെന്നതിനാൽ കിം യോ ജോംഗിനെ ചുമതല ഏൽപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞതായി കൊറിയ ഹെറാൾഡ് റിപോർട്ട് ചെയ്യുന്നു. അധികാരം പങ്കിടുന്നതിന് ഏറ്റവും അടുപ്പമുള്ളവരെ ഉൾപ്പെടുത്തി കിം ജോംഗ് ഉൻ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് കരുതപ്പെടുന്നതായി ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസി പറയുന്നു.
അതേസമയം, കിം ജോംഗ് ഉൻ മരിച്ചെന്ന് വിശ്വസിക്കുന്നതായി രാജ്യം സന്ദർശിച്ച റോയ് കാലിയെന്ന മാധ്യമപ്രവർത്തകൻ പറഞ്ഞു. ഉന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അവ്യക്തത തുടരുന്നത് രാജ്യത്ത് വലിയ ഭരണമാറ്റങ്ങൾ വരുന്നതിന് മുന്നോടിയാകാമെന്നും അദ്ദേഹം വ്യക്തമാക്കി.