National
കോൺഗ്രസ് പ്രവർത്തക സമിതി; നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി| കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കൾ നൽകിയ കത്തിനെ ചൊല്ലി രൂക്ഷമായ വാദ പ്രതിവാദങ്ങൾ. കത്തെഴുതിയ നേതാക്കൾക്കെതിരെയും ഹൈക്കമാൻറിനെഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോർന്നതിനെ കുറിച്ചും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
നേതൃമാറ്റം ആവശ്യപ്പെട്ട് സംയുക്ത കത്തെഴുതേണ്ട സാഹചര്യമെന്തായിരുന്നെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യമാണ് പൊട്ടിത്തെറിക്കിടയാക്കിയത്. സോണിയാ ഗാന്ധിക്ക് സുഖമില്ലാതിരുന്ന സമയത്ത് കത്ത് നൽകിയത് ഉചിതമായില്ലെന്ന് പറഞ്ഞ രാഹുൽ ഇത് ബി ജെ പിയെ സഹായിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ചു. ഇതോടെ കത്തെഴുതിയ മുതിർന്ന നേതാക്കൾ രംഗത്തെത്തി.
അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത സോണിയാ ഗാന്ധി പ്രവർത്തക സമിതിയോഗത്തെ അറിയിച്ചിട്ടുണ്ട്. ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന സോണിയയുടെ നിർദ്ദേശം കെസി വേണുഗോപാൽ ആണ് യോഗത്തെ അറിയിച്ചത്. പുതിയ നേതാവിനെ നിശ്ചയിക്കണമെന്നും അതിനുള്ള നടപടികൾ തുടങ്ങണമെന്നും അവർ ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രവർത്തക സമിതി യോഗം ചേരുന്നത്.