Connect with us

Covid19

കൊവിഡ് : പ്ലാസ്മാ തെറാപ്പിക്ക് അനുമതി നൽകി യു എസ്

Published

|

Last Updated

വാഷിംഗ്ടൺ| രാജ്യത്ത് 1,76,000ത്തിലധികം പേർ കൊല്ലപ്പെടാനിടയാക്കിയ കൊവിഡ് 19 ചികിത്സക്കായി വൈറസ് രോഗമുക്തരായവരിൽ നിന്ന് പ്ലാസ്മ സ്വീകരിച്ച് നടത്തുന്ന പ്ലാസ്മാ തെറാപ്പിക്ക് അടിയന്തര അനുമതി നൽകിയതായി  അധികൃതർ. ലോകത്ത് തന്നെ സമ്പദ്വ്യവസ്ഥയെ താളംതെറ്റിച്ച കൊവിഡ് വ്യാപനം തടയാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത സമ്മർദം നേരിടുകയും നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്ലാസ്മാ തെറാപ്പിക്ക് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം ലഭിച്ചത്.

രോഗത്തെ പ്രതിരോധിക്കാനും വൈറസ് ബാധിതരെ ഗുരുതരാവസ്ഥയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ആന്റിബോഡികൾ രക്ത പ്ലാസ്മയിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കൊവിഡ് ചികിത്സക്ക് പ്ലാസ്മാ തെറാപ്പി ഫലപ്രദമാകാം. ഇതിന്റെ അറിയപ്പെടുന്നതും സാധ്യതയുള്ളതുമായ നേട്ടങ്ങൾ രോഗത്തിന്റെ അപകടസാധ്യതകളെ മറികടക്കുന്നതാണ്- എഫ് ഡി എ പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്കയിലെയും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെയും രോഗികളിൽ ഈ ചികിത്സ ഇതിനകം പ്രയോജനപ്പെടുത്തിയെങ്കിലും എത്രമാത്രം ഫലപ്രദമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മാത്രമല്ല ഇത് പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ചിലർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്ലാസ്മാ തെറാപ്പിക്ക് അടിയന്തര അംഗീകാരം നൽകുമെന്ന് ഇന്നലെ യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും വൈറ്റ്ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest