Connect with us

Ongoing News

ഫേസ്ബുക്കിന്റെ രാഷ്ട്രീയം

Published

|

Last Updated

ഫേസ്ബുക്ക് വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. ഇത്തവണ ദേശീയ രാഷ്ട്രീയരംഗത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടാണ് ഫേസ്ബുക്കിന്റെ വരവ്. Facebook Hate-Speech Rules Collid With Indian Politics എന്ന തലക്കെട്ടിൽ പ്രമുഖ അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മുഴുനീളൻ റിപ്പോർട്ടായിരുന്നു വിവാദത്തിന് തുടക്കമിട്ടത്. ബി ജെ പി നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങൾക്കും പ്രസംഗങ്ങൾക്കുമെതിരെ ഫേസ്ബുക്ക് നടപടിയെടുക്കുന്നില്ലെന്നായിരുന്നു പ്രസ്തുത റിപ്പോർട്ടിന്റെ വിശദീകരണം. ബി ജെ പി നേതാക്കളുടെയും അണികളുടെയും വിദ്വേഷ പ്രസംഗങ്ങളും പരാമർശങ്ങളും വന്നാൽ ഫേസ്ബുക്ക് നടപടികൾ ഒന്നുമെടുക്കാതെ മറ്റ് മാർഗങ്ങൾ തേടുകയാണെന്നും പത്രം റിപ്പോർട്ട് ചെയ്തു. ബി ജെ പിക്കാരുടെ വിദ്വേഷ പ്രഭാഷണങ്ങൾക്കെതിരെ നടപടിയെടുത്താൽ അത് കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് സാധ്യതകൾ തകർക്കും എന്ന് ഫേസ്ബുക്ക് എക്സിക്യൂട്ടീവ് പറഞ്ഞതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ഫേസ്ബുക്കിൽ ഇപ്പോൾ ജോലി ചെയ്യുന്നവരെയും മുന്പുണ്ടായിരുന്നവരെയും ഉദ്ധരിച്ചുകൊണ്ടാണ് വാൾസ്ട്രീറ്റ് ജേണൽ ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

സംഭവം വിവാദമായി. വിദ്വേഷ പ്രചാരണം നടത്തുകയും അത് ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങൾ പ്രകാരം വിലക്ക് ഏർപ്പെടുത്തേണ്ടതാണെന്ന് തെളിയുകയും ചെയ്തതിന് ശേഷവും ബി ജെ പി നേതാവ് രാജാ സിംഗിനെതിരെ നടപടിയെടുക്കാൻ ഫേസ്ബുക്ക് വിസമ്മതിക്കുകയായിരുന്നുവെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ വാൾസ്ട്രീറ്റ് ജേണൽ പ്രധാനമായും റിപ്പോർട്ട് ചെയ്തത്. മുസ്‌ലിംകളെ കൊല്ലുന്നതിനെക്കുറിച്ചും ബീഫ് കഴിക്കുന്നതിനെക്കുറിച്ചും പള്ളികൾ തകർക്കുന്നതിനെക്കുറിച്ചും റോഹിംഗ്യൻ മുസ്‌ലിംകളെ വെടിവെച്ചുകൊല്ലുന്നതിനെക്കുറിച്ചുമെല്ലാം രാജാസിംഗ് പരസ്യമായി ആഹ്വാനങ്ങൾ നടത്തിയിരുന്നു. ഫേസ്ബുക്കിന്റെ തന്നെ ഇന്റേണൽ സ്റ്റാൻഡേർഡ് പ്രകാരം അപകടകരമായ കലാപങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ബി ജെ പി എം എൽ എ നടത്തിയത്. എന്നിട്ടും ഫേസ്ബുക്ക് നടപടിയെടുക്കാതെ മൗനം പാലിച്ചു. മറ്റ് രണ്ട് ബി ജെ പി നേതാക്കളും വിദ്വേഷ പ്രചാരണം നടത്തുകയും കമ്പനി നടപടിയെടുക്കാൻ വിസമ്മതിച്ചുവെന്നും പത്രം വെളിപ്പെടുത്തുകയുണ്ടായി. ഇതേക്കുറിച്ച് ഫേസ്ബുക്കിൽനിന്ന് വിശദീകരണം തേടുമെന്നാണ് പാർലിമെന്റിന്റെ ഐ ടി സമിതി ചെയർമാൻ ശശി തരൂർ പറഞ്ഞത്. ഫേസ്ബുക്ക് അധികൃതരെ വിളിപ്പിക്കുമെന്ന് ഡൽഹി നിയമസഭാ കമ്മിറ്റിയും തീരുമാനിക്കുകയുണ്ടായി. എന്നാൽ, അംഗങ്ങളുമായി ചർച്ച നടത്താതെ ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ബി ജെ പി പ്രതികരിച്ചു.

ഫേസ്ബുക്കിന്റെ ഇന്ത്യാ മേധാവിയിൽനിന്ന് വിശദീകരണം തേടണമെന്ന നിലപാടിലാണ് കോൺഗ്രസ്. ബി ജെ പി നേതാക്കളുടെ വിദ്വേഷ ഭാഷണങ്ങളെ ഫേസ് ബുക്ക് അവഗണിച്ചുവെന്ന വാർത്ത പരാമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ബി ജെ പിയാണെന്നും അദ്ദേഹം തുറന്നടിച്ചു. വ്യാജവും വിദ്വേഷപരവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ഫേസ്ബുക്കിന്റെ പങ്കാളിത്തം എല്ലാ ഇന്ത്യക്കാരും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വ്യാജ വാർത്തകളിലൂടെയും വിദ്വേഷ പ്രചാരണത്തിലൂടെയും ജനാധിപത്യത്തെ തകർക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതിന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മറുപടിയും നൽകിയതോടെ സോഷ്യൽ മീഡിയയിലെ ജനപ്രിയ പ്ലാറ്റ് ഫോം മുൻനിർത്തിയുള്ള രാഷ്ട്രീയ തർക്കങ്ങളും ഉടലെടുത്തു.

അതേസമയം, ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവി അങ്കി ദാസിനെതിരെ റായ്പ്പൂർ പോലീസ് കേസെടുത്തിട്ടുണ്ട്. വർഗീയ-വിദ്വേഷ പ്രചാരണങ്ങൾക്ക് ഫേസ് ബുക്ക് വേദിയൊരുക്കി എന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി കലാപത്തിലേക്കടക്കം നയിച്ച വർഗീയ- വിദ്വേഷ പരാമർശങ്ങൾക്ക് ഫേസ്ബുക്ക് വേദിയാക്കി എന്ന് ചൂണ്ടിക്കാട്ടി റായ്പ്പൂർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനായ അവേഷ് തിവാരി നൽകിയ പരാതിയിലാണ് കേസ്.

ഏത് പാർട്ടിയെന്നോ, പാർട്ടി നേതാവ് എന്നോ നോക്കാതെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ഫേസ്ബുക്ക് അതിന്റെ നയം നടപ്പാക്കിയിട്ടുണ്ടെന്നായിരുന്നു ഫേസ്ബുക്കിന്റെ ഔദ്യോഗിക പ്രതികരണം. എന്നാൽ, ബി ജെ പി നേതാക്കളുടെയും ഐ ടി സെല്ലിന്റെയും പ്രവർത്തനരീതികൾ അടുത്തുനിന്ന് നിരീക്ഷിക്കുമ്പോൾ ബി ജെ പിയെ വഴിവിട്ടു സഹായിക്കാൻ ഫേസ്ബുക്ക് തയ്യാറായിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. “പൊതുജനത്തിന് എന്ത് തരത്തിലുള്ള വാർത്തകൾ എത്തിക്കാനും നമ്മൾ പ്രാപ്തരാണ്. അത് കയ്പുള്ളതാകട്ടെ പുളിപ്പുള്ളതാകട്ടെ മധുരിക്കുന്നതാകട്ടെ വ്യാജമാകട്ടെ” എന്നായിരുന്നു 2018 സെപ്തംബറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജസ്ഥാനിലെ ബി ജെ പിയുടെ സൈബർ വിംഗിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. അന്നത് വലിയ വാർത്തയായെങ്കിലും ബി ജെ പി- ഫേസ്ബുക്ക് അവിശുദ്ധ ബന്ധം വ്യാപകമായ ചർച്ചയായില്ല. ബി ജെ പി എന്ന പാർട്ടി ഏത് രീതിയിലാണ് സമൂഹ മാധ്യമങ്ങളെ വിനിയോഗിക്കുന്നത് എന്നത് വെളിപ്പെടുത്തുന്നതു കൂടിയായിരുന്നു അമിത് ഷായുടെ നിർണായകമായ ആ പ്രസ്താവന. സമൂഹ മാധ്യമങ്ങളിൽ ബി ജെ പിക്കുള്ള സ്വാധീനത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും അമിത് ഷാ വെറുതെ പറഞ്ഞതായിരുന്നില്ല. 2017ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് സമയത്ത് ഒരു വ്യാജ വാർത്ത എങ്ങനെ ബി ജെ പി പ്രവർത്തകർ പ്രചരിപ്പിച്ചു എന്നതിനെകുറിച്ചും അമിത് ഷാ അന്ന് സംസാരിച്ചിരുന്നു.
ഫേസ്ബുക്കിലെ 25,000ത്തിലധികം ജീവനക്കാരുമായി സി ഇ ഒ മാർക്ക് സുക്കർബർഗ് നടത്തിയ വീഡിയോ കോൺഫറൻസിൽ ബി ജെ പി നേതാവ് കപിൽ മിശ്രയുടെത് വിദ്വേഷ പ്രസംഗത്തിന് ഉദാഹരമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കപിൽ മിശ്ര നടത്തിയ പരാമർശമായിരുന്നു സുക്കർബർഗ് എടുത്തുകാട്ടിയത്. കപിൽ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെയാണ് ഡൽഹി കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രസംഗം ഫേസ്ബുക്ക് നീക്കം ചെയ്‌തെങ്കിലും കപിൽ മിശ്രക്ക് ഇപ്പോഴും ഫേസ്ബുക്കിന്റെ വെരിഫൈഡ് അക്കൗണ്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ചുരുക്കത്തിൽ അന്തർധാര സജീവമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട്ബേങ്കുണ്ടാക്കാൻ സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ ബി ജെ പി വ്യാപകമായി പ്രചരിപ്പിച്ചിരുന്നുവെന്ന വാർത്ത നേരത്തേ വന്നിരുന്നു, ഇപ്പോൾ പുതിയ വിവാദം അൽപ്പം കൂടി ചിത്രം വ്യാക്തമാക്കിയെന്ന് മാത്രം.