Connect with us

Ongoing News

യൂറോപ്പ ലീഗ് കിരീടം സെവിയ്യക്ക്; വീഴ്ത്തിയത് ഇന്റര്‍ മിലാനെ

Published

|

Last Updated

കൊളോണ്‍ | യൂറോപ്പ ലീഗ് കിരീടം സ്പാനിഷ് ക്ലബ് സെവിയ്യക്ക്. ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ വീഴ്ത്തിയാണ് സെവിയ്യ ആറാം യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സെവിയ്യയുടെ വിജയം. ആദ്യ ഗോള്‍ നേടുകയും സെവിയ്യക്കു വിജയം നേടിക്കൊടുത്ത സെല്‍ഫ് ഗോള്‍ വഴങ്ങുകയും ചെയ്്ത സൂപ്പര്‍ താരം റൊമേലു ലുക്കാക്കു മത്സരത്തില്‍ നായകനും വില്ലനുമായി. 74ാം മിനുട്ടിലാണ് ഇന്ററിന്റെ വിധിയെഴുതിയ സെല്‍ഫ് ഗോള്‍ പിറന്നത്. ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് ചാമ്പ്യന്‍ഷിപ്പായ യൂറോപ്പാ ലീഗിലെ കളിച്ച ആറ് ഫൈനലിലും വിജയം നേടിയെന്ന റെക്കോര്‍ഡും സെവിയ്യ സ്വന്തമാക്കി. 2006, 2007, 2014, 2015, 2016 വര്‍ഷങ്ങളിലാണ് സെവിയ്യ ഇതിന് മുമ്പ് ചാമ്പ്യന്മാരായത്.

അഞ്ചാം മിനുട്ടില്‍ ലുക്കാക്കുവിന്റെ പെനാല്‍റ്റി ഗോളിലാണ് ഇന്റര്‍ മുന്നിലെത്തിയത് (1-0). യൂറോപ്പ ലീഗില്‍ തുടര്‍ച്ചയായ പതിനൊന്നാം മത്സരത്തിലാണ് ലുക്കാക്കു ഗോള്‍ നേടിയത്. എന്നാല്‍, 12, 13 മിനുട്ടുകളില്‍ ലക്ഷ്യം കണ്ട ലൂക് ഡി ജോംഗ് സെവിയ്യയെ മുന്നിലെത്തിച്ചു (2-1). എന്നാല്‍, രണ്ട് മിനുട്ടിനുള്ളില്‍ ഡിയഗോ ഗോഡിന്‍ നേടിയ ഹെഡ്ഡര്‍ ഗോളില്‍ ഇന്റര്‍ ഒപ്പമെത്തി (2-2). കോര്‍ണര്‍ കിക്കിന്റെ രൂപത്തിലായിരുന്നു സെവിയ്യയുടെ വിജയ ഗോളിന്റെ വരവ്. ബോക്സിലേക്കെത്തിയ പന്ത് ഡിയേഗോ കാര്‍ലോസ് ബൈസിക്കിള്‍ കിക്കിലൂടെ ഇന്റര്‍ വലയിലെത്തിക്കാന്‍ ശ്രമിച്ചു. ഇത് തടുക്കാന്‍ പോസ്റ്റിന് തൊട്ടടുത്ത നിന്ന് ശ്രമിച്ച ലുക്കാക്കുവിന്റെ ശ്രമം പാളി. പന്ത് നേരെ വലയില്‍ കയറുമ്പോള്‍ നിസ്സഹായനായി നോക്കിനില്‍ക്കാനേ ഗോള്‍കീപ്പര്‍ക്ക് കഴിഞ്ഞുള്ളൂ.