National
ബാബരി മസ്ജിദ് തകര്‍ത്ത കേസ്: വിധി പറയാന്‍ വിചാരണ കോടതിക്ക് സമയം നീട്ടി നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി| ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതിനായി പ്രത്യേക സിബിഐ കോടതിക്ക് സെപ്തംബര്‍ 30 വരെ സുപ്രീം കോടതി സമയം അനുവദിച്ചു.
നേരത്തെ ആഗസ്റ്റ് 31ന് വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രത്യേക ജഡ്ജി എസ് കെ യാദവ് സുപ്രീം കോടതിയോട് കേസില്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സമയം നീട്ടി അനുവദിച്ചത്.
ദിനംപ്രതി വാദം കേള്‍ക്കുന്നതിനും രണ്ട് വര്‍ഷത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വധി പറയണമെന്ന് 2017 ഏപ്രിലിലാണ് സുപ്രീം കോടതി വിചാരണ കോടതിയോട് നിര്‍ദേശിച്ചിരുന്നത്. മുതിർന്ന ബി ജെ പി നേതാക്കളായ എൽ കെ അദ്വാനി, ഉമാഭാരതി, മുരളി മനോഹർ ജോഷി എന്നിവർ കേസിലെ പ്രധാന പ്രതികളാണ്.
ജസ്റ്റിസ് റോഹിന്‍ടന്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് പ്രത്യേക ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിന്റെ റിപ്പോര്‍ട്ട് വായിച്ച ശേഷം സമയം നീട്ടി നല്‍കിയത്. ജൂലൈയിൽ അദ്വാനിയും ജോഷിയും സിബിഐ കോടതി മുമ്പാകെ മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അദ്വാനിയോട് 100 ചേദ്യങ്ങള്‍ ചോദിച്ചുവെങ്കിലും ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുകയായിരുന്നു. അതേസമയം, കേസില്‍ എന്ത് വിധി വന്നാലും തനിക്ക് പ്രശ്‌നമില്ലെന്ന് ഉമഭാരതി നേരത്തേ പറഞ്ഞിരുന്നു. തനിക്ക് വധശിക്ഷ വിധിച്ചാലും സന്തോഷപൂര്‍വം സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.