National
പ്രശാന്ത് ഭൂഷണെ നിശബ്ദനാക്കുകയല്ല വേണ്ടത്; അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്തുകയാണ് വേണ്ടതെന്ന് സോളി സൊറാബ്ജി

ന്യൂഡല്‍ഹി| കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ ശിക്ഷ ഒഴിവാക്കണമെന്ന് അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അദ്ദേഹത്തെ നിശബ്ദനാക്കുന്നതിന് പകരം തെളിവുകളുടെ അടിസ്ഥാനത്തില്‍ അഴിമതി കേസ് അന്വേഷണം നടത്താന്‍ അനുമതി നല്‍കുകയാണ് വേണ്ടതെന്നും സൊറാബ്ജി പറഞ്ഞു.
പ്രശാന്ത് ഭൂഷണിനെതിരായ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കേയാണ് സോളി സൊറാബ്ജിയുടെ പ്രസ്താവന. കോടതിയലക്ഷ്യത്തിന് പ്രശാന്ത് ഭൂഷണ്‍ ശിക്ഷിക്കപ്പെടരുതെന്നും വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ കോടതി തയ്യാറാകണമെന്നും ഭൂഷണെ പിന്തുണച്ച് സോളി സൊറാബ്ജി പറഞ്ഞു.
ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാര്‍ക്കുമെതിരേ നടത്തിയ പരാമാര്‍ശത്തില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഈ മാസം 24 വരെ പ്രശാന്ത് ഭൂഷണിന് തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടനം നടത്തുന്നതിനോ പുനര്‍വിചിന്തനം നടത്തുന്നതിനോ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ താന്‍ ഖേദ പ്രകടനം നടത്തില്ലെന്നും കോടതിയുടെ ഔദാര്യം തനിക്ക് ആവശ്യമില്ലെന്നും എന്ത് ശിക്ഷ തന്നാലും സ്വീകരിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു.