National
ജെ ഇ ഇ, നീറ്റ് പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് മോദിക്ക് സുബ്രഹ്മണ്യ സ്വാമിയുടെ കത്ത്

ന്യൂഡൽഹി| സെപ്തംബറിൽ നടക്കാനിരിക്കുന്ന ജെ ഇ ഇ മെയിൻ, നീറ്റ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി രാജ്യസഭാ എം പി സുബ്രഹ്മണ്യ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. പരീക്ഷ നടത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിലവിലില്ല. പൊതുഗതാഗതം ലഭ്യമല്ലാത്ത മുംബൈയിലേക്ക് സമീപപ്രദേശങ്ങളിൽ നിന്നുൾപ്പെടെ 20 മുതൽ 30 കിലോമീറ്റർ അകലെ നിന്നുള്ള വിദ്യാർഥികൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. ഇതു തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥിതി അദ്ദേഹം പറഞ്ഞു.
കൂടാതെ പരീക്ഷ നടത്തുന്നത് രാജ്യത്തുടനീളമുള്ള യുവാക്കളെ ആത്മഹത്യകളിലേക്ക് നയിക്കും. സർക്കാറുകൾ സുപ്രിം കോടതി വിധി പരിഗണിക്കാതെ രണ്ടാഴ്ചക്ക് ശേഷമോ രണ്ട് മാസത്തിന് ശേഷമോ പരീക്ഷ നടത്തുന്നതായിരിക്കും ഉചിതമെന്നാണ് എന്റെ അഭിപ്രായം. ഇത് സർക്കാറിന്റെ നയപരമായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ദീപാവലിക്ക് ശേഷം വിദ്യാഭ്യാസ മന്ത്രാലയം ഈ പരീക്ഷകൾ നടത്തണമെന്ന് രാജ്യസഭാ എം പി അഭ്യർഥിച്ചു.
വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും നിർദേശങ്ങളോട് അദ്ദേഹം അനുഭാവം പുലർത്തിയതായും സുബ്രഹ്മണ്യ സ്വാമി സാമൂഹിക മാധ്യമങ്ങളിൽ അറിയിച്ചു.