Connect with us

Education

സമഗ്ര ശിക്ഷാ കേരളം : 718 കോടി രൂപയുടെ വിദ്യാഭ്യാസ പ്രവർത്തന പദ്ധതികൾക്ക് അംഗീകാരം

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയുടെ 840.98 കോടി രൂപയുടെ വാർഷിക വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഗവേണിംഗ് കൗൺസിൽ അംഗീകാരം നൽകി.

2020-21 അധ്യായന വർഷത്തേക്കുളള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുവേണ്ടി സമഗ്ര ശിക്ഷാ കേരളം കേന്ദ്രസർക്കാരിനു സമർപ്പിച്ച 1334.19 കോടി രൂപയുടെ പദ്ധതിയിൽ 718.78 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കലാകായിക പ്രവൃത്തിപരിചയ മേഖലയിൽ 2685 അധ്യാപകരെ 2020-21 അധ്യയന വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പദ്ധതിയിൽ വ്യവസ്ഥയുണ്ട്. അതിന്റെ ഭാഗമായി അധ്യാപകരെ സമഗ്ര ശിക്ഷാകേരളയിൽ നിയമിച്ചിട്ടുണ്ട്. ഇവർക്കുളള മാസ ശമ്പളയിനത്തിൽ കേന്ദ്രസർക്കാർ വിഹിതമായ 4,200/- രൂപയ്ക്ക് പുറമേ സംസ്ഥാന സർക്കാർ നിശ്ചിയിച്ച് നൽകുന്ന 9,800/- രൂപ കൂടി നൽകി ആകെ 14,000/- രൂപയായി തുടർന്നും നൽകും.

പ്രീ-പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുളള അക്കാദമിക പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യവികസനം, ടീച്ചർ എജ്യൂക്കേഷൻ, ഡയറ്റുകളുടെ പ്രവർത്തനം തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്കുവേണ്ടിയാണ് തുക അംഗീകരിച്ചിരിക്കുന്നത്.

ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റിസോഴ്‌സ് അധ്യാപകരെ കേന്ദ്രസർക്കാർ അംഗീകരിച്ച “സ്‌പെഷ്യൽ എജ്യൂക്കേറ്റർ” എന്ന് പുനർനാമകരണം ചെയ്തതും അംഗീകരിച്ചു.
പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുളള പദ്ധതി, ഭിന്നശേഷി വിദ്യാർത്ഥികൾക്കളുടെ പ്രത്യേക പരിഗണനാ മേഖലകൾക്കുളള തുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്‌പോർട്‌സ് & ഫിസിക്കൽ എഡ്യൂക്കേഷൻ പദ്ധതികൾ തുടങ്ങി പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന് കൊവിഡ്-19 പശ്ചാത്തലത്തിലൂന്നിയ നവീനമായ പദ്ധതി പ്രവർത്തനങ്ങൾക്കാണ് സമഗ്ര ശിക്ഷാ കേരളയുടെ ഗവേണിംഗ് കൗൺസിലിൽ തീരുമാനങ്ങളുണ്ടായത്.

പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്, സെക്രട്ടറി എ.ഷാജഹാൻ, ഡയറക്ടർ ജീവൻബാബു കെ., സമഗ്ര ശിക്ഷാ കേരള ഡയറക്ടർ ഡോ. എ.പി.കുട്ടികകൃഷ്ണൻ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ. സി. ഹരി കൃഷ്ണൻ, എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ, കെ.പി.എസ്.ടി.എ ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരൻ, ധനവകുപ്പ് അണ്ടർ സെക്രട്ടറി ബി.ഷഫീന, വിദ്യാഭ്യാസ വിചക്ഷണൻ കെ. പ്രഭാകരൻ, വിദ്യാഭ്യാസ വിചക്ഷണൻ കെ രാമകൃഷ്ണൻ തുടങ്ങിയ സമിതി അംഗങ്ങൾ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

---- facebook comment plugin here -----

Latest