National
കാണാതായ പെൺകുട്ടി മുങ്ങിമരിച്ചതാണെന്ന് യു പി പോലീസ്

ലക്‌നോ| കിഴക്കൻ ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കാണാതായ പെൺകുട്ടി മുങ്ങിമരിച്ചതാണെന്ന് പോലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നതിന് തെളിവുകളൊന്നുമില്ലെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രഥമദൃഷ്ട്യാ പെൺകുട്ടിയെ കൊലപ്പെടുത്തി നദിയിൽ ഉപേക്ഷിച്ചതാകാമെന്നും മൃതദേഹം വികൃതമാക്കപ്പെട്ടിരുന്നു എന്നതിനാലും ഇന്ന് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തും. ഇതിനായി അഞ്ച് വിദഗ്ധ ഡോക്ടർമാരുടെ പാനൽ രൂപവത്കരിച്ചതായി ഭദോഹി പോലീസ് മേധാവി അറിയിച്ചു.
തിങ്കളാഴ്ച ഗ്രാമത്തിൽ എരുമകളെ മേക്കാൻ പോയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. പിന്നീട് ഇന്നലെ ഉച്ചക്കാണ് ഭദോഹിയുടെ അതിർത്തിയിലുള്ള ജൗൻപൂരിൽ മൃതദേഹം കണ്ടെത്തിയത്. മകളെ കാണാതായതായി കാണിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. മുഖവും ശരീരഭാഗങ്ങളും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലാണ് മൃതദേഹം വരുണ നദിയിൽ കണ്ടെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്നാണ് വിശദ പോസ്റ്റ്‌മോർട്ടത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു.