Gulf
വിസ കാലാവധി അവസാനിച്ചവർക്ക് മൂന്ന് മാസം അധിക സമയം

അബുദാബി | മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനു മൂന്ന് മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ സി എ) ഡയറക്ടർ ജനറൽ, മേജർ ജനറൽ സഈദ് റകാൻ അൽ റാശിദി അറിയിച്ചു. വിസ കാലാവധി അവസാനിച്ചവർക്ക് രാജ്യം വിടുന്നതിനു ആഗസ്റ്റ് 18 മുതൽ നവംബർ 17 വരെയാണ് സമയം അനുവദിച്ചത്. രാജ്യം വിടുകയാണെങ്കിൽ പിഴ തുകകൾ ഒഴിവാക്കി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 1-നു മുൻപുള്ള, യു എ ഇയിലെ എൻട്രി, റെസിഡൻസി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിസാ നിയമലംഘനങ്ങൾക്കും പൊതുമാപ്പ് കാലാവധി ബാധകമാണെന്നും, ഇവർ നവംബർ 17-നു മുൻപ് രാജ്യത്തു നിന്ന് മടങ്ങുകയാണെങ്കിൽ പിന്നീട് യു എ യിലേക്ക് തിരികെയെത്തുന്നതിന് നിയമതടസങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിസ കാലാവധി അവസാനിച്ച് മടങ്ങുന്നവർക്ക് സാധുതയുള്ള പാസ്സ്പോർട്ട്, യാത്രാ ടിക്കറ്റ് എന്നിവയുമായി നേരിട്ട് വിമാനത്താവളങ്ങളിൽ എത്താവുന്നതാണ്. അബുദാബി, ഷാർജ, റാസ് അൽ ഖൈമ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് മടങ്ങുമ്പോൾ, വിമാന സമയത്തിനു 6 മണിക്കൂർ മുൻപ് നിർബന്ധമായും എയർപോർട്ടിൽ എത്തിച്ചേരേണ്ടതാണെന്ന് അൽ റാഷിദി അറിയിച്ചു. ദുബൈ വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്നവർ യാത്ര ചെയ്യുന്നതിന് 48 മണിക്കൂർ മുൻപ് ടെർമിനൽ 2-ന് സമീപമുള്ള ഡീപോർറ്റേഷൻ കേന്ദ്രവുമായി ബന്ധപ്പെടണം.
നേരത്തെ, ഇത്തരം വിസാ നിയമലംഘകർക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിന് മെയ് 18 മുതൽ ആഗസ്റ്റ് 18 വരെയുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് കാലയളവാണ് ഐ സി എ അനുവദിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ ഇത്തരക്കാർക്ക് നവംബർ 17 വരെ പിഴകൂടാതെ യു എ ഇയിൽ നിന്ന് മടങ്ങുന്നതിന് സാവകാശം ലഭിക്കും. വിസാ കാലാവധി അവസാനിച്ചവരുടെ കീഴിലുള്ള കുടുംബ വിസകളിലുള്ളവരും ഇവരോടൊപ്പം നിർബന്ധമായും യാത്ര ചെയ്യേണ്ടതാണെന്നും, ഭിന്നശേഷിക്കാർ, 15 വയസ്സിനു താഴെയുള്ളവർ എന്നിവർക്ക് എയർപോർട്ടുകളിലെ പൊതുമാപ്പ് നടപടികളിൽ ഇളവുകൾ ഉണ്ടെന്നും നേരത്തെ ഐ സി എ അറിയിച്ചിരുന്നു.
പൊതുമാപ്പ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 800 453 എന്ന ടോൾ ഫ്രീ നമ്പറിൽ പ്രവർത്തി ദിനങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ ബന്ധപ്പെടാവുന്നതാണ്.