National
ഷഹ്‌സാദ് അലി പൗരത്വ നിയമത്തെ എതിര്‍ത്തിരുന്നില്ല; നിലപാട് മാറ്റി ബി ജെ പി

ന്യഡല്‍ഹി | ഷഹീന്‍ബാഗിലെ സമരക്കാരന്‍ എന്ന് ബി ജെ പി പ്രചരിപ്പിച്ച, കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന ഷഹ്‌സാദ് അലി പൗരത്വ നിയമത്തെ എതിര്‍ത്തിരുന്നില്ലെന്ന് പുതിയ വിശദീകരണം. ബി ജെ പി വക്താവ് നിഘാത് അബ്ബാസിന്റേതാണ് പുതിയ വെളിപ്പെടുത്തല്‍. ഷഹ്സാദ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചിട്ടില്ല. അദ്ദേഹം ഷഹീന്‍ബാഗ് നിവാസിയും സാമൂഹിക പ്രവര്‍ത്തകനുമാണ്. അദ്ദേഹം പ്രതിഷേധത്തിനെതിരായിരുന്നു. പ്രതിഷേധക്കാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കാനാണ് ഷഹ്സാദ് ശ്രമിച്ചതെന്നും നിഘാത് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഷഹീന്‍ബാഗിലെ സമര തലവന്‍ ബി ജെ പിയില്‍ ചേര്‍ന്നു എന്ന തരത്തിലായിരുന്നു പാര്‍ട്ടി വൃത്തങ്ങള്‍ പ്രചരിപ്പിച്ചത്. മാധ്യമങ്ങളും ഇത് ഏറ്റെടുത്തിരുന്നു. എന്നാല്‍ ആം ആദ്മി ഇത് രാഷ്ട്രീയ ആയുധമാക്കി. ഷഹീന്‍ബാഗ് സമരത്തിന് പിന്നില്‍ ബി ജെ പിയാണന്ന് ചില ആം ആദ്മി നേതാക്കള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് ഷഹ്‌സാദ് സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന തരത്തിലേക്ക് ബി ജെ പി നിലപാട് മാറ്റിയിരിക്കുന്നത്.
എന്നാല്‍ ബി ജെ പിയുടേയും ആം ആദ് മിയുടേയും പ്രചാരണങ്ങളെല്ലാം തള്ളി സമരക്കാര്‍ രംഗത്തെത്തിയിരുന്നു. ഷഹ്സാദ് അലിയെ സമരപന്തലില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് പ്രതിഷേധത്തില്‍ എല്ലാദിവസവും പങ്കെടുത്ത വനിതാ വളന്റിയര്‍മാര്‍ പറയുന്നു. പ്രതിഷേധത്തില്‍ ഭാഗമായ നിരവധി പേരില്‍ ഒരാള്‍ മാത്രമാണ് ഷഹ്സാദ് അലി. സമരത്തില്‍ തുടക്കം മുതല്‍ അവസാനം വരെ ഉണ്ടായിരുന്ന ആളാണ് കെഹ്കാഷ. സാധാരണക്കാരായ സ്ത്രീകള്‍ മുന്നോട്ടുവന്ന് നടത്തിയ സമരമാണ് ഷഹിന്‍ബാഗിലേതെന്നും വനിതാ വളണ്ടിയാര്‍മാര്‍ പറഞ്ഞിരുന്നു.