National
ശമ്പള വര്‍ധനയില്ല; തൊഴിലുടമയുടെ പത്ത് ലക്ഷം രൂപ കവര്‍ന്ന് കഥയുണ്ടാക്കിയ യുവാവ് പിടിയില്‍

ന്യൂഡല്‍ഹി | ശമ്പളം വര്‍ധിപ്പിച്ചു നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലുടമയുടെ പത്ത് ലക്ഷം രൂപ കവര്‍ന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന വിജയ് പ്രതാപ് ദീക്ഷിത് എന്നയാളാണ് പിടിയിലായത്. പണം തന്റെ കൈയില്‍ നിന്ന് അപഹരിക്കപ്പെട്ടുവെന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് “കള്ളന്‍ കപ്പലില്‍ തന്നെ”യാണെന്ന് വ്യക്തമായത്.
ഓഗസ്റ്റ് 13നാണ് ഇയാള്‍ തൊഴിലുടമ തന്നയച്ച പണം തന്റെ കൈയില്‍ നിന്ന് അപഹരിക്കപ്പെട്ടുവെന്ന് പോലീസിനെ വിളിച്ചറിയിച്ചത്. തൊഴിലുടമ നിതിനില്‍ നിന്ന് കമ്പനി ആവശ്യത്തിനായി രണ്ട് ലക്ഷം രൂപയും പത്ത് ലക്ഷം രൂപയുടെ ചെക്കും ഇയാള്‍ വാങ്ങിയിരുന്നു. ചെക്ക് മാറി കിട്ടിയ പണം ബാര പുള്ള ഫ്‌ളൈ ഓവറിന് അടുത്ത് വെച്ച് ഒരു സംഘം തട്ടിയെടുത്തുവെന്നാണ് ഇയാള്‍ പരാതി നല്‍കിയത്.
ദീക്ഷിത്തിന്റെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് വിശദമായി പോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ശമ്പളം വര്‍ധിപ്പിച്ച് നല്‍കാത്തതിലുള്ള പ്രതിഷേധമാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. തൊഴിലുടമ തന്നെ പരസ്യമായി മര്‍ദിച്ചിരുന്നുവെന്നും ഇയാള്‍ പരാതിപ്പെട്ടു.