Connect with us

Kerala

മത്തായിയുടെ മരണം; വനപാലകര്‍ക്കെതിരെ ചുമത്തിയത് മനപ്പൂര്‍വമല്ലാത്ത നരഹത്യ അടക്കം 10 വകുപ്പുകള്‍

Published

|

Last Updated

പത്തനംതിട്ട | വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ ചിറ്റാറിലെ ഫാം ഉടമ പി പി മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ വനപാലകര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ അടക്കം 10 വകുപ്പുകള്‍ ചുമത്തി പോലീസ് റിപ്പോര്‍ട്ട്. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസ് എടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടല്‍, അന്യായമായ തടങ്കല്‍, ഭീഷണി, ശാരീരിക-മാനസിക പീഡനം, കൃത്രിമ രേഖ ചമയ്ക്കല്‍, സത്യവിരുദ്ധമായ കാര്യങ്ങള്‍ സത്യമെന്ന വ്യാജേന സമര്‍പ്പിക്കുക, തെളിവ് നശിപ്പിക്കല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തെറ്റായ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് ഉള്‍പ്പെടുത്തിയത്. ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ എ സി ഈപ്പന്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. മത്തായി കിണറ്റില്‍ മരിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് ഡമ്മി പരീക്ഷണം നടത്തിയിരുന്നു.

മത്തായിയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയില്ല, മരണ ശേഷം ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെല്‍ ജി.ഡി കടത്തിക്കൊണ്ടുപോയി കൃത്രിമം നടത്തി തുടങ്ങി വനപാലകര്‍ നടത്തിയ നിയമലംഘനങ്ങള്‍ പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇക്കഴിഞ്ഞ 28നാണ് മത്തായിയെ ചിറ്റാര്‍ കുടപ്പനക്കുളത്തെ കുടുംബ വീടിന്റെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. വനത്തിനുള്ളില്‍ സ്ഥാപിച്ച കാമറ മോഷ്ടിച്ചതിന് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ മത്തായി കിണറ്റില്‍ ചാടി എന്നായിരുന്നു വനപാലകരുടെ വിശദീകരണം. സാക്ഷിയെന്ന് പറയുന്ന യുവാവിന്റെ ഫോണില്‍ നിന്ന് വനപാലകര്‍ മത്തായിയുടെ ഭാര്യ ഷീബയെ വിളിച്ച് കേസ് ഒതുക്കാന്‍ 75,000 രൂപ ആവശ്യപ്പെട്ടതായും തെളിഞ്ഞിരുന്നു. യുവാവ് വ്യാജ സാക്ഷിയാണെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികളായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് ഷീബ. പതിനേഴാം ദിവസവും മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest