Connect with us

Gulf

ഇസ്‌റാഈലുമായി നയതന്ത്ര ബന്ധത്തിന് യുഎഇ; ധാരണ ട്രംപിൻെറ മധ്യസ്ഥതയിൽ

Published

|

Last Updated

ദുബൈ | ഇസ്‌റാഈലുമായി സമ്പൂര്‍ണ നയതന്ത്ര ബന്ധം പുലര്‍ത്താന്‍ യുഎഇ സമ്മതിച്ചു. കിരീടാവകാശിയും അബുദാബി രാജകുമാരനും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ തമ്മില്‍ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇതാദ്യമായാണ് ഇസ്‌റാഈലുമായി ഒരു അറബ് രാജ്യം നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തുനിയുന്നത്.

ചരിത്രപരമായ ഈ നയതന്ത്ര നേട്ടം മിഡില്‍ ഈസ്റ്റ് മേഖലയില്‍ സമാധാനം വര്‍ദ്ധിപ്പിക്കുമെന്ന് മൂന്ന് നേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. നിക്ഷേപം, ടൂറിസം, നേരിട്ടുള്ള വിമാനങ്ങള്‍, സുരക്ഷ, ആശയവിനിമയം, സാങ്കേതികവിദ്യ, ഊര്‍ജ്ജം, ആരോഗ്യ സംരക്ഷണം, സംസ്‌കാരം, പരിസ്ഥിതി, പരസ്പര എംബസികള്‍ സ്ഥാപിക്കല്‍, പരസ്പര താല്‍പ്പര്യമുള്ള മറ്റ് മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ യുഎഇയില്‍ നിന്നും ഇസ്രായേലില്‍ നിന്നുമുള്ള പ്രതിനിധികള്‍ വരും ആഴ്ചകളില്‍ യോഗം ചേരുമെന്നും നേതാക്കള്‍ അറിയിച്ചു.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികള്‍ തമ്മില്‍ നേരിട്ടുള്ള ബന്ധം ആരംഭിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും സാങ്കേതിക കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ജനങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധത്തിനും മേഖലയുടെ പുരോഗതിക്കും കാരണമാകുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.