Connect with us

Covid19

മാസ്‌ക് കെട്ടി സംസാരിക്കുമ്പോള്‍ ഉമിനീര് പരക്കുന്നുണ്ടോയെന്ന് അറിയാന്‍ ലളിത പരീക്ഷണവുമായി ശാസ്ത്രജ്ഞര്‍

Published

|

Last Updated

വാഷിംഗ്ടണ്‍: സംസാരിക്കുമ്പോള്‍ ഉമിനീര് പരക്കുന്നത് തടയുന്നതിനുള്ള വിവിധ തരം മാസ്‌കുകളുടെ കാര്യക്ഷമത അറിയാന്‍ ലളിതമായ രീതി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. കൊറോണവൈറസ് പടരുന്നത് തടയാനുള്ള മികച്ച മാര്‍ഗമാണ് മാസ്‌ക് ധരിക്കുക എന്നതിനാല്‍ തന്നെ ഈ പഠനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ചെറുകിട മാസ്‌ക് ഉത്പാദകര്‍ക്ക് ഡിസൈനും മറ്റും ഈ രീതിയില്‍ ക്രമീകരിക്കാനും സഹായകമാകും.

സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലിലാണ് ഈ വിദ്യ പ്രസിദ്ധീകരിച്ചത്. അതേസമയം, ഇത് പ്രാഥമിക ഘട്ടത്തിലാണെന്നും ജനങ്ങളുടെ ചെറുസംഘങ്ങളില്‍ ഇത് പരീക്ഷിക്കേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

പ്രൊഫഷണല്‍ രീതിയില്‍ നിര്‍മിക്കുന്ന എന്‍95, സര്‍ജിക്കല്‍, പോളിപ്രോപൈലനിന്‍, കൈകൊണ്ട് നിര്‍മിക്കുന്ന കോട്ടണ്‍ മാസ്‌കുകള്‍ തുടങ്ങിയവക്ക് സംസാരിക്കുമ്പോള്‍ തുപ്പല്‍ തെറിക്കുന്നത് തടയാനുള്ള ശേഷിയുണ്ട്. അതേസമയം, തൂവാല, കഴുത്തില്‍ കെട്ടുന്ന തുണി തുടങ്ങിയവക്ക് ഈ സംരക്ഷണം നല്‍കാനുള്ള ശേഷി വളരെ കുറവാണ്. അഥവ, ഇവ മുഖത്ത് കെട്ടി മുഖാമുഖം സംസാരിക്കുമ്പോള്‍ തുപ്പല്‍ തെറിക്കാനുള്ള സാധ്യതയുണ്ട്.

മാസ്‌കുകളുടെ കാര്യക്ഷമത അറിയാന്‍, ലേസര്‍ ലൈറ്റുള്ള ദിശയിലേക്ക് തിരിഞ്ഞ് ഉച്ചത്തില്‍ സംസാരിച്ചാല് ഇതിലൂടെ ഉമിനീര് തെറിക്കുന്നുണ്ടോയെന്ന് അറിയാന്‍ സാധിക്കും. ശാസ്ത്രജ്ഞന്മാര്‍ ഇങ്ങനെ പരിശോധിച്ച ശേഷം ഫോണ്‍ ക്യാമറയില്‍ ഉമിനീർതുള്ളികളുടെ എണ്ണം റെക്കോര്‍ഡ് ചെയ്യുകയും ലളിതമായ കമ്പ്യൂട്ടര്‍ അല്‍ഗോരിതം അവ എണ്ണുകയും ചെയ്തു. ഈ രീതി ലളിതവും ചെലവ് കുറഞ്ഞതും സാധാരണക്കാര്‍ക്ക് പോലും അവലംബിക്കാവുന്നതുമാണെന്നും ഇവര്‍ അറിയിച്ചു. അമേരിക്കയിലെ ഡ്യൂക് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

Latest