Connect with us

National

സംഘര്‍ഷം: അസമില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി

Published

|

Last Updated

ദിസ്പൂര്‍| അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തോടുള്ള ആഘോഷ ചടങ്ങനിടെ അസമിലെ സോണിറ്റ്പൂര്‍ ജില്ലയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ബൈക്ക് റാലി രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതിന് കാരണമായി. ഇതേതുടര്‍ന്ന് സോണിറ്റ്പൂരില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി.

ജില്ലയിലെ തെലമാര, ദെക്കിയജുലി പോലീസ് സ്‌റ്റേഷന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി പോലീസ് പറഞ്ഞു. ജില്ലാഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ച് തെലമാര പോലീസ് സ്‌റ്റേഷന് കീഴിലുള്ള പ്രദേശങ്ങളില്‍ അര്‍ധരാത്രി സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തിയതെന്ന് സോണിറ്റ്പൂര്‍ എഎസ്പി നുമല്‍ മഹാത്ത് പറഞ്ഞു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായും കഴിഞ്ഞ ദിവസം അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷത്തില്‍ ഇരു ഭാഗത്തും നിന്നും 10 പേര്‍ക്ക് പരുക്കേറ്റു. അതേസമയം, 12 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായി അവര്‍ അവകാശപ്പെട്ടു. എഡിജിപി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് സ്ഥലം സന്ദര്‍ശിച്ചു. ബൈക്കിലെത്തിയ പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വെക്കുകയും മുദ്രവാക്യം വിളിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് എഡിജിപി പറഞ്ഞു.

Latest