Connect with us

Gulf

ബൈറൂത്ത് സ്‌ഫോടനം മധ്യപൗരസ്ത്യ ദേശത്തെ നടുക്കി

Published

|

Last Updated

ദുബൈ | ബൈറൂത്തിൽ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനം മധ്യപൗരസ്ത്യ മേഖലയിൽ വലിയ നടുക്കം സൃഷ്ടിച്ചു. നൂറ്റന്പതോളം പേർ മരിക്കുകയും മൂവായിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗൾഫ് ഭരണാധികാരികൾ വലിയ ആശങ്ക പ്രകടിപ്പിച്ചു. ഗൾഫിലെ ലെബനീസ് പ്രവാസികൾ നാട്ടിലെ ഉറ്റവരെ ഓർത്തു കണ്ണീർവാർക്കുന്നു. ലെബനീസ് ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം രംഗത്തു വന്നു. ഉഗ്ര ശേഷിയുള്ള അമോണിയം നൈട്രേറ്റ് ശേഖരത്തിന് തീ പിടിക്കുകയായിരുന്നുവത്രെ.

തുറമുഖ നഗരത്തിലെ കെട്ടിടങ്ങൾ ചാരമായി. അനേകം വാഹനങ്ങൾ തകർന്നു. കുറച്ചു ദിവസമായി ലെബനൻ അസ്വസ്ഥമായിരുന്നു. കൊവിഡ്-19 കാരണം നീണ്ട ലോക്ക് ഡൗൺ, അതിനു മുമ്പ് രാഷ്ട്രീയ പ്രക്ഷോഭങ്ങൾ തുടങ്ങിയവ ലെബനന്റെ സാമ്പത്തിക കെട്ടുറപ്പ് നഷ്ടപ്പെട്ടിരുന്നു. അര ലക്ഷം കുട്ടികൾ ബൈറൂത്തിൽ പട്ടിണിയിലാണെന്ന് “സേവ് ദി ചിൽഡ്രൻ” എന്ന എൻ ജി ഒ അറിയിച്ചു.  തുടർച്ചയായ വൈദ്യുതി തടസ്സങ്ങൾ ജനജീവിതത്തെ നരക തുല്യമാക്കി.  ഈ മുറിവുകളിൽ തീ കോരിയിടുന്നതായി സ്‌ഫോടനം. ആരാണ് സ്ഫോടനത്തിനു പിന്നിലെന്ന ചോദ്യമുയർന്നു. ഒന്നുകിൽ ഇസ്രാഈൽ, അല്ലെങ്കിൽ ഹിസ്ബുല്ല എന്ന നിഗമനമുണ്ടായി.

മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വധവുമായി ബന്ധപ്പെട്ടു ഹിസ്ബുല്ല നിലവിലെ ഭരണകൂടവുമായി തർക്കത്തിലാണ്. സിറിയൻ രഹസ്യാന്വേഷണ വിഭാഗമാണ് ഹരീരിയുടെ വധത്തിനു പിന്നിലെ കരങ്ങളെന്ന് ട്രിബ്യൂനൽ കണ്ടെത്തൽ.

ഇത് ഹിസ്ബുല്ല അംഗീകരിക്കുന്നില്ല. അന്തിമവിധി വരാനിരിക്കുമ്പോഴാണ് സ്‌ഫോടനം. ലെബനാനിൽ അരക്ഷിതാവസ്ഥയുണ്ടാക്കാൻ ഇസ്രായീൽ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇസ്രാഈലിൽ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടക്കുമ്പോൾ ജനശ്രദ്ധ തിരിച്ചു വിടാനും ലെബനനെ കൂടുതൽ അരാജകത്വത്തിലേക്ക് തള്ളിയിടാനും ഇസ്രാഈൽ കണ്ടെത്തിയ മാർഗമാകാം.

2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റ് ശേഖരത്തിനാണ് തീവെക്കുകയോ തീ പിടിക്കുകയോ ചെയ്തത്. സ്‌ഫോടനത്തിന് മുമ്പ് വിമാനത്തിന്റെ ഇരമ്പൽ ഉണ്ടായിരുന്നു.
അതേസമയം, വലിയ സംഭരണകേന്ദ്രത്തിൽ സൂക്ഷിച്ച രാസവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോർട്ട് മാനേജർ അറിയിച്ചു.