Editorial
സമ്പര്‍ക്ക പട്ടിക പോലീസ് തയ്യാറാക്കുമ്പോള്‍
കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി പോലീസിനെ ഏല്‍പ്പിക്കാനും റിവേഴ്‌സ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ഐ എം എ, കെ ജി എം ഒ എ തുടങ്ങി ഡോക്ടര്‍മാരുടെ സംഘടനകള്‍. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണവും സമ്പര്‍ക്കം മുഖേനയുള്ള രോഗബാധയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്നലെ മുതലാണ് രോഗികളുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്തുന്നതുള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിന്റെ ചുമതല സര്‍ക്കാര്‍ പോലീസിനെ ഏല്‍പ്പിച്ചത്. ഓരോ സ്‌റ്റേഷനിലും എസ് ഐയുടെ നേതൃത്വത്തില്‍ നാലംഗ സംഘം രൂപവത്കരിച്ചാണ് പോലീസ് ഈ ദൗത്യം നിര്‍വഹിക്കുന്നത്. രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കലാണ് ഇവരുടെ ആദ്യ ജോലി. രോഗികളെ ഫോണില്‍ ബന്ധപ്പെട്ട് അവരുടെ പത്ത് ദിവസത്തെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ആ വിവരങ്ങളുടെ അടിസ്ഥാനത്തിലും ടവര്‍ സിഗ്‌നല്‍ പരിശോധിച്ചുമാണ് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുക. കണ്ടെയ്ന്‍മെന്റ് സോണുകളുടെ നിശ്ചയവും പരിപാലനവുമാണ് അടുത്ത ദൗത്യം. രോഗിയും സമ്പര്‍ക്ക പട്ടികയിലുള്ളവരും ഉള്ള സ്ഥലം ചെറിയ മേഖലയായി തിരിച്ച് പൂര്‍ണമായി അടക്കും. അവശ്യ ഭക്ഷ്യവസ്തുക്കള്‍ പോലീസ് എത്തിക്കും. ബൈക്ക് പട്രോളിംഗ് നടത്തി ആരും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.
എന്നാല്‍, കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ പോലുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് കെ ജി എം ഒ എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നത്. ആരോഗ്യ വിഷയത്തില്‍ പരിശീലനമുള്ളവരാണ് അത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. ക്വാറന്റൈനില്‍ ഉള്ളവരുടെ സ്ഥിതി പരിശോധിക്കാനും അതിന്റെ എന്‍ഫോഴ്‌സ്‌മെന്റിനും മാത്രമേ ഇത്തരം ഏജന്‍സികളെ ചുമതലപ്പെടുത്താന്‍ പാടുള്ളൂവെന്നാണ് സംഘടനയുടെ നിലപാട്. റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം പല വിദേശ രാജ്യങ്ങളിലും അതീവ ഗുരുതര സാഹചര്യം ഉണ്ടാക്കിയിട്ടുള്ളതിനാല്‍ അക്കാര്യത്തിലും സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നു. കൊവിഡ് പ്രതിരോധത്തില്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതിലൂടെ സംസ്ഥാനത്ത് പോലീസ് രാജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തുവന്നിട്ടുണ്ട്.
എന്നാല്‍, കെ ജി എം ഒ എയുടെ ഈ ആശങ്കക്ക് അടിസ്ഥാനമില്ല. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഉത്തരവാദിത്വമല്ല, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലിയാണ് സര്‍ക്കാര്‍ പോലീസിനെ ഏല്‍പ്പിച്ചത്. ആരോഗ്യ പ്രവര്‍ത്തകരേക്കാള്‍ സമര്‍ഥമായി അത് തയ്യാറാക്കാന്‍ പോലീസ് വകുപ്പിന് സാധിക്കും. മാത്രമല്ല ആരോഗ്യ വകുപ്പുമായി സഹകരിച്ചും അവരുടെ നിര്‍ദേശങ്ങള്‍ തേടിയും മാത്രമേ തങ്ങള്‍ ഈ വിഷയം കൈകാര്യം ചെയ്യുകയുള്ളൂവെന്ന് കൊവിഡ് സംസ്ഥാനതല നോഡല്‍ ഓഫീസര്‍ കൂടിയായ എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറെ വ്യക്തമാക്കിയിട്ടുമുണ്ട്. രോഗം സംസ്ഥാനത്തുടനീളം പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിലെ പരിമിതി കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ പോലീസിനെ ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചതെന്ന കാര്യം കൂടി കെ ജി എം ഒ എ അധികൃതര്‍ ഓര്‍ക്കേണ്ടതാണ്. ഇത്തരം സന്ദിഗ്ധ ഘട്ടത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ പരമാവധി യോജിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കുകയാണാവശ്യം.
ഏതെങ്കിലുമൊരു പ്രദേശത്ത് പകര്‍ച്ച വ്യാധികള്‍ പിടിപെട്ടാല്‍ അവിടെ രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കുന്നതിന്, രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്ന സംവിധാനമാണ് ക്വാറന്റൈനെങ്കില്‍, രോഗം ബാധിച്ചിട്ടില്ലാത്തവരും അതേസമയം രോഗബാധക്ക് കൂടുതല്‍ സാധ്യതയുള്ളവരുമായ ആളുകളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് റിവേഴ്‌സ് ക്വാറന്റൈന്‍. 60 വയസ്സിനു മുകളിലും പത്ത് വയസ്സിനു താഴെയും പ്രായമുള്ളവര്‍, കിടപ്പുരോഗികള്‍, പത്ത് വര്‍ഷത്തിലേറെയായി ഒരേ രോഗത്തിനു തന്നെ ചികിത്സക്ക് വിധേയരായവര്‍, ശ്വാസകോശ, കിഡ്‌നി, ഹൃദയ സംബന്ധമായ രോഗമുള്ളവര്‍, പ്രമേഹ രോഗികള്‍ തുടങ്ങിയവര്‍ക്ക് രോഗ പ്രതിരോധശേഷി കുറവായിരിക്കും. ഇവര്‍ക്ക് പകര്‍ച്ച വ്യാധികള്‍ പിടിപെടാന്‍ മറ്റുള്ളവരേക്കാള്‍ സാധ്യത കൂടുതലാണ്. മറ്റുള്ളവരുമായി യാതൊരു ഇടപഴകലും കൂടാത്ത വിധം സംരക്ഷിച്ചാല്‍ ഇവരെ രോഗബാധയില്‍ നിന്ന് വലിയൊരളവോളം രക്ഷിക്കാനാകും. ഇതാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കാന്‍ കാരണം. പുറത്തുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാതെ ഇവരെ സ്വന്തം വീട്ടിലെ തന്നെ ശുചിത്വ കാര്യങ്ങള്‍ക്ക് സൗകര്യമുള്ള ഒരു റൂമില്‍ താമസിപ്പിച്ചാല്‍ മതിയാകും.
അതേസമയം, റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനത്തില്‍ ശക്തമായ ജാഗ്രതയും കരുതല്‍ നടപടികളും ആവശ്യമാണ്. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ വീട് വിട്ട് പുറത്തു പോകുകയോ സന്ദര്‍ശകരുമായി ഇടപഴകുകയോ അരുത്. വീട്ടിലെ തന്നെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ മുടങ്ങരുത്. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ ചികിത്സ പരമാവധി ടെലികണ്‍സല്‍ട്ടേഷന്‍ സേവനത്തില്‍ ഒതുക്കണം. ഇതിലെല്ലാമുപരി ഇവര്‍ക്കാവശ്യം മാനസിക സന്തോഷവും സാന്ത്വനവുമാണ്. ഒരു പ്രത്യേക റൂമില്‍ കഴിയുന്ന ഇവര്‍ ശാരീരികമായി ഒറ്റപ്പെട്ടെങ്കിലും മാനസികമായി ഒറ്റപ്പെടാന്‍ ഇടവരരുത്. കുടുംബം ഇപ്പോഴും തന്നെ ചേര്‍ത്തുപിടിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധമായിരിക്കണം അവരോടുള്ള വീട്ടുകാരുടെ പെരുമാറ്റവും സംസാരവും. ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് കൃത്യമായ മുന്നൊരുക്കങ്ങളോടെയും നിബന്ധനകളോടെയും നടപ്പാക്കിയാല്‍ ഈ സംവിധാനത്തിലും ആശങ്കാജനകമായി ഒന്നുമില്ല. അതേസമയം, ഒരു കാലത്ത് കൈപിടിച്ചു നടത്തിയവരെ വാര്‍ധക്യമെത്തുമ്പോള്‍ വീട്ടിലെ നിലവറയിലേക്കും വൃദ്ധസദനത്തിലേക്കും തെരുവിലേക്കുമൊക്കെ തള്ളുന്ന നാട്ടില്‍, റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്നവരോട് എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ വീട്ടിലെ കുടുംബാംഗങ്ങള്‍ക്ക് ബോധവത്കരണവും കൂട്ടത്തില്‍ ആവശ്യമാണ്.



