Connect with us

National

രാമക്ഷേത്ര നിർമാണം: നാനാത്വത്തിൽ ഏകത്വം സംരക്ഷിക്കണമെന്ന് മമതാ ബാനർജി

Published

|

Last Updated

കൊൽക്കത്ത| സാമുദായിക സൗഹാർദവും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ന് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമി പൂജ നടക്കാനിരിക്കെയാണ് മമതയുടെ ട്വീറ്റ്. നാനാത്വത്തിൽ ഏകത്വത്തിന്റെ പഴയ പാരമ്പര്യം രാജ്യം എല്ലായ്‌പ്പോഴും ഉയർത്തിപിടിച്ചിട്ടുണ്ടെന്നും അത് സംരക്ഷിക്കപ്പെടണമെന്നുമാണ് മമത ട്വീറ്റിൽ കുറിച്ചത്.

ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരുമെല്ലാം സഹോദരങ്ങളാണ്. എന്റെ ഭാരതം മഹത്തരമാണ്. നമ്മുടെ ഹിന്ദുസ്ഥാൻ മഹത്തരമാണ്. നമ്മുടെ രാജ്യം എക്കാലത്തും നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്നു. അവസാന ശ്വാസം വരെയും നമ്മളത് സംരക്ഷിക്കണം. രാമക്ഷേത്രത്തെ കുറിച്ചോ ഇന്ന് നടക്കുന്ന ഭൂമിപൂജയെ കുറിച്ചോ പരാമർശിക്കാതെയാണ് മമതയുടെ ട്വീറ്റ്.

കഴിഞ്ഞ വർഷം നടന്ന പൊതു തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ജയ് ശ്രീരാം എന്ന മുദ്രാവാക്യത്തോട് രൂക്ഷമായിട്ടായിരുന്നു മമത പ്രതികരിച്ചിരുന്നത്. അതേസമയം കഴിഞ്ഞ നവംബറിൽ ക്ഷേത്ര നിർമാണത്തിനായി 2.77 ഏക്കർ ഭൂമി കൈമാറിയ സുപ്രീം കോടതി വിധിക്കെതിരെ മൗനം പാലിക്കുകയും ചെയ്തു.

Latest