National
റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ന് ഇന്ത്യയിലെത്തും; അംബാലയിലും സമീപത്തും കനത്ത സുരക്ഷ

അംബാല (ഹരിയാന) | ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ന് ഇന്ത്യയിലെത്തും. അഞ്ച് വിമാനങ്ങളാണ് ഹരിയാനയിലെ അംബാലയിലെത്തി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവുക. യു എ ഇയിലെ അല്‍ ദഫ്ര വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര സമയം രാവിലെ 11ഓടെ പുറപ്പെടുന്ന വിമാനങ്ങള്‍ ഉച്ചക്ക് രണ്ടോടെ അംബാലയില്‍ എത്തിച്ചേരുമെന്ന് സേനാ അധികൃതര്‍ വെളിപ്പെടുത്തി. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയ വിമാനങ്ങള്‍ ഏറ്റുവാങ്ങും.
പാക് വ്യോമ പാത ഒഴിവാക്കി ഗുജറാത്തിലെ ജാംനഗര്‍ വഴിയാണ് വിമാനങ്ങള്‍ എത്തുക. പതിനേഴ് ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രനിലെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ഹര്‍പ്രിത് സിംഗിന്റെ നേതൃത്വത്തിലുള്ള ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറത്തുന്നത്. ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ടാങ്കര്‍ വിമാനങ്ങള്‍ അനുഗമിക്കും. ഇതില്‍ വിംഗ് കമാന്‍ഡര്‍ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്. വിമാനങ്ങള്‍ എത്തിച്ചേരുന്ന പശ്ചാത്തലത്തില്‍ സുരക്ഷയുടെ ഭാഗമായി അംബാല വിമാനത്താവളത്തിന് സമീപത്തുള്ള നാലു ഗ്രാമങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.