Covid19
18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസിറ്റീവ്; തിരുവനന്തപുരത്ത് കൊവിഡ് സ്ഥിതി അതിരൂക്ഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | തിരുവനന്തപുരത്ത് കൊവിഡ് സ്ഥിതി അതിരൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസിറ്റീവാകുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗബാധിതരെ മുഴുവന്‍ കണ്ടെത്താനുള്ള സര്‍വൈലന്‍സ് മെക്കാനിസം ആണ് സംസ്ഥാനത്ത് നടത്തിവരുന്നത്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖ പ്രകാരമുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
ക്ലസ്റ്റര്‍ രൂപപ്പെട്ടത് ആദ്യമായി കണ്ടെത്തിയത് ഈ മാസം അഞ്ചിന് പൂന്തുറ മേഖലയിലാണ്. ബീമാപള്ളി, പുല്ലുവിള മേഖലകളില്‍ 15ാം തീയതിയോടെയും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. വലിയതുറ, അഞ്ചുതെങ്ങ്,ചിറയിന്‍കീഴ്,കൊളത്തൂര്‍, നെയ്യാറ്റിന്‍കര, പനവൂര്‍, കടക്കാവൂര്‍, കുന്നത്തുകാല്‍, പെരുമാതുറ പുതുക്കുറുച്ചി തുടങ്ങിയ തീരദേശ മേഖലകളില്‍ തുടര്‍ന്നാണ്ക്ലസ്റ്ററുകള്‍ രൂപപ്പെട്ടത്. പാറശ്ശാല, പട്ടം, കുന്നത്തുകാല്‍, പെരുങ്കിടവിള, ബാലരാമപുരം, കാട്ടാക്കട തുടങ്ങിയ പ്രദേശങ്ങളിലും രോഗബാധ വര്‍ധിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഓരോന്നിലും രോഗിയന്ത്രണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 39,809 റുട്ടീന്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ ജില്ലയില്‍ നടത്തിയിട്ടുണ്ട്. പുറമെ, സാമൂഹിക വ്യാപനമുണ്ടോ എന്നറിയാന്‍ 6,983 പൂള്‍ഡ് സാമ്പിളുകളും ശേഖരിച്ചു. ഇന്നലെ 709 റുട്ടീന്‍ സാമ്പിളുകളും നൂറോളം പൂള്‍ഡ് സാമ്പിളുകളുമാണ് ശേഖരിച്ചത്. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച റാപിഡ് ആന്റിജന്‍ ടെസ്റ്റുകളും നടത്തുന്നുണ്ട്. രാജ്യത്ത് 12 പേരെ പരിശോധിക്കുമ്പോഴാണ് ഒരാള്‍ പോസിറ്റീവാകുന്നത്. എന്നാല്‍, കേരളത്തിലത് 36 പേരില്‍ ഒന്നു മാത്രമാണെന്നും മുഖ്യമന്ത്രിവ്യക്തമാക്കി.