Connect with us

Covid19

കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷാവസാനത്തോടെ; നിശ്ചയദാര്‍ഢ്യത്തോടെ പരീക്ഷണത്തിന് തുടക്കമിട്ട് രണ്ട് യു എസ് കമ്പനികള്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ് 19 വാക്‌സിന്‍ കണ്ടെത്തുന്നതിന് വിപുലമായ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് രണ്ട് അമേരിക്കന്‍ കമ്പനികള്‍. മോഡേണ ഇന്‍ക്, പിഫിസര്‍ ഇന്‍ക് എന്നീ കമ്പനികളാണ് 30,000 വിഷയാധിഷ്ഠിത പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ഈ വര്‍ഷമവസാനത്തോടെ വാക്‌സിന് നിയമപരമായ അംഗീകാരം ലഭിക്കുമെന്നും വ്യാപകമായി ഉപയോഗിച്ചു തുടങ്ങുമെന്നും കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. നോവല്‍ കൊറോണ വൈറസിനെതിരായ മരുന്ന് കണ്ടെത്തുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീവ്ര ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാകും ഇരു കമ്പനികളുടെയും പരീക്ഷണങ്ങള്‍.

വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചതോടെ മോഡേണയുടെ ഓഹരിയില്‍ ഒമ്പതു ശതമാനത്തിന്റെയും പിഫിസറിന്റെതില്‍ 1.6 ശതമാനത്തിന്റെയും വര്‍ധനയുണ്ടായിട്ടുണ്ട്. പരമ്പരാഗത വാക്‌സിന്‍ ഉത്പാദന രീതികളില്‍ നിന്ന് ഭിന്നമായി പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള വേഗത്തിലുള്ള ഉത്പാദനവും വിപണനവുമാണ് ഈ കമ്പനികള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, വാക്‌സിന്‍ ഉത്പാദനത്തില്‍ പറയത്തക്ക് ട്രാക്ക് റെക്കോഡുകളൊന്നും ഇവയ്ക്കില്ല.

ഇതുവരെ രോഗ പ്രതിരോധ വാക്‌സിനുകളൊന്നും ഉത്പാദിപ്പിച്ചിട്ടില്ലാത്ത മോഡേണക്ക് കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിനായി 100 കോടി ഡോളറിനടുത്താണ് യു എസ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. പരീക്ഷണം വിജയിച്ചാല്‍ അഞ്ചുകോടിയോളം ജനങ്ങള്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ സര്‍ക്കാറിനു കൈമാറാനാണ് പിഫിസര്‍ ഉദ്ദേശിക്കുന്നത്. രണ്ടുകോടി ഡോളറാണ് ഇതിന് ഈടാക്കുക.

മോഡേണയെയും പിഫിസറിനെയും കൂടാതെ മറ്റ് 150ഓളം കമ്പനികളും വാക്‌സിന്‍ ഉത്പാദനത്തിന് ശ്രമം നടത്തിവരുന്നുണ്ട്. പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോവുകയാണ് ഇവ. ഇതില്‍ 24ഓളം കമ്പനികള്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനും ആരംഭിച്ചിട്ടുണ്ട്. ഈയാഴ്ചയോടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനും സെപ്തംബറിന്റെ തുടക്കത്തില്‍ അവസാനഘട്ട പരീക്ഷണങ്ങള്‍ നടത്താനുമുള്ള ഒരുക്കത്തിലാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരുമായി ചേര്‍ന്ന് ഈ വേനല്‍ക്കാലത്തോടെ തന്നെ വിപുലമായ വാക്‌സിന്‍ പരീക്ഷണങ്ങള്‍ തുടങ്ങാന്‍ ബ്രിട്ടീഷ് മരുന്നുത്പാദന കമ്പനിയായ അസ്ട്രാസെനേക പദ്ധതി തയാറാക്കിയിട്ടുണ്ട്.

2020 അവസാനത്തോടെ ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിന്‍ വിതരണ ചെയ്യുകയെന്നതാണ് ലക്ഷ്യമെന്ന് യു എസ് മോഡേണ പരീക്ഷണങ്ങള്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചു കൊണ്ടുള്ള വാര്‍ത്താകുറിപ്പില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് (എന്‍ ഐ എച്ച്) ഡയറക്ടര്‍ ഫ്രാന്‍സിസ് കോളിന്‍സ് പറയുന്നു.