Gulf
ധോണിയും സംഘവും അടുത്ത മാസം എത്തും

ദുബൈ | ഇത്തവണത്തെ ഐ പി എൽ യു എ ഇയിൽ ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ മഹേന്ദ്ര സിംഗ് ധോണി ഉൾപ്പെടുന്ന ചെന്നൈ സൂപ്പർ കിങ്സ് ടീം അടുത്ത മാസം ആദ്യത്തോടെ ദുബൈയിൽ പരിശീലനത്തിനെത്തും.
ഐ പി എല്ലിൽ ഏറ്റവും ശ്രദ്ധാകേന്ദ്രം മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ധോണിയാണ്. ഐ പി എല്ലോടെ അദ്ദേഹം ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐ പി എൽ. മൂന്ന് തവണ ചാമ്പ്യന്മാരായ ടീമാണ് ചെന്നൈ.
മൂന്നാം ആഴ്ചയിൽ മിക്ക ടീമുകളും വരാൻ തുടങ്ങും. സെപ്തംബർ 19 നാണ് ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് തുടങ്ങുക. കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസിനായിരുന്നു കിരീടം. ഫൈനലിൽ ചെന്നൈ തോറ്റു.
നിരവധി ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യമാണ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സവിശേഷത. ധോണിയെ കൂടാതെ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, കേദാർ ജാദവ്, ഹർഭജൻ സിംഗ്, ശർദുൽ താക്കൂർ, ദീപക് ചഹാർ എന്നിവരും ടീമിലുണ്ട്. ടീം അംഗങ്ങൾ സുരക്ഷിതമായ അന്തരീക്ഷത്തിൽ പതിവായി പരിശീലിക്കുന്നു.
കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിൽ നടന്ന 50 ഓവർ ലോകകപ്പിന്റെ സെമി ഫൈനലിനോട് ഇന്ത്യ തോറ്റതിന് ശേഷം ധോണിയുടെ ക്രിക്കറ്റ് ഭാവി ചോദ്യ ചിഹ്നമായിരുന്നു. എന്നാൽ ചെന്നൈ കൈവിടാൻ ഒരുക്കമായില്ല.
മുൻ ഇന്ത്യൻ ക്യാപ്റ്റന് തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇതിലും മികച്ച വേദിയില്ല. അത് സൂപ്പർ കിംഗ്‌സിന്റെ പ്രകടനത്തിലും നിർണായകമാകും. യു എ ഇയിൽ ഇന്ത്യൻ പ്രീമിയർ ലീഗിനിടെ അദ്ദേഹത്തെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധാരാളം പേരുണ്ട്.