Connect with us

Articles

അവരെ നമുക്ക് ചേർത്തുപിടിക്കാം

Published

|

Last Updated

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്ന സംഘടനാ സംവിധാനത്തിന് മുഅല്ലിമുകള്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യാനാകുന്നുണ്ട്. പ്രത്യേകിച്ചും ഈ പ്രതിസന്ധി കാലത്ത് റെയ്ഞ്ച് തലത്തില്‍ നടന്ന റമസാന്‍ കിറ്റ് വിതരണവും സംസ്ഥാന കമ്മിറ്റി നേരിട്ട് വിതരണം ചെയ്ത സമാശ്വാസ തുകയുമൊക്കെ ഒരുപാട് ആശ്വാസകരമായിരുന്നു. മുഅല്ലിമുകള്‍ നിലവില്‍ നേരിടുന്ന വേതന പ്രതിസന്ധിയെക്കുറിച്ച് റെയ്ഞ്ച് കമ്മിറ്റി വിവരശേഖരണം നടത്തുകയും ചെയ്തു. അതേസമയം, സംഘടനയോ കൂട്ടായ്മയോ ഇല്ലാത്ത മുദർരിസുമാര്‍ക്ക് സമാശ്വാസത്തിന് കൂടുതൽ സംവിധാനങ്ങളില്ല.

മദ്റസാ മുഅല്ലിമുകളും പള്ളിയിലെ ഉസ്താദുമാരുമായ പലര്‍ക്കും നാട്ടുകാരുമായുള്ള അടുപ്പം പ്രതിസന്ധി കാലത്ത് തുണയായിട്ടുണ്ട്. ദഅ്വ കോളജുകളിലും ശരീഅത്ത് കോളജുകളിലുമൊക്കെ സേവനം ചെയ്യുന്നവര്‍ക്ക് ഇത്തരം സൗകര്യങ്ങളുമില്ല.

ഓണ്‍ലൈന്‍ ക്ലാസിന്റെ കാര്യത്തിലും പ്രയാസങ്ങള്‍ ഏറെ അനുഭവിക്കുന്നത് മുദർരിസുമാരാണ്. മദ്റസകളില്‍ ലഭിക്കുന്നത് പോലെ വിദ്യാഭ്യാസ ബോര്‍ഡിന്റെ ഏകീകൃത ക്ലാസുകളില്ല. നിലവില്‍ അത് പ്രായോഗികവുമല്ല. സൂം, ഗൂഗിള്‍ മീറ്റ് തുടങ്ങിയ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകളും വാട്സാപ്പും ഉപയോഗിച്ചാണ് ഓരോ സ്ഥാപനത്തിലെയും ഉസ്താദുമാര്‍ ക്ലാസുകള്‍ നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇതെത്രത്തോളം ഗ്രാഹ്യവും പ്രാപ്യവുമാണെന്നതിനെക്കുറിച്ചാണ് അവരുടെ ആകുലതകളേറെയും. ഗഹനമായ വിഷയങ്ങളൊക്കെ വാട്സാപ്പ് ഓഡിയോയില്‍ ഒതുക്കേണ്ടി വരുന്നതിലെ പരിമിതികള്‍ പ്രകടവുമാണല്ലോ. അതിവിപുലമായ സ്റ്റുഡിയോ സംവിധാനങ്ങളൊരുക്കി പരിമിതികളെ അതിജയിക്കാനുള്ള കരുത്തും ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും അന്യമാണ്. എല്ലാത്തിനുമപ്പുറം, വിജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ കുട്ടികള്‍ മുമ്പിലില്ലെന്നതാണ് മതാധ്യാപകര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ മനോവേദന.

കൊവിഡ് കാല പ്രതിസന്ധികള്‍ക്കിടയിലും മതാധ്യാപകരെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നാട്ടുകാരുണ്ട്. സാധാരണ കൊടുക്കാറുള്ളതിനേക്കാള്‍ കൂടുതലായി ശമ്പളവും ആനുകൂല്യവും നല്‍കിയ മാനേജ്‌മെന്റുകളുമുണ്ട്. റമസാനിന്റെ ഭാഗമായി വിപുലമായ കിറ്റുകള്‍ അവര്‍ ഉസ്താദുമാരുടെ വീട്ടിലെത്തിച്ചു. അതിന് സാധിക്കാത്തവര്‍ക്ക് അക്കൗണ്ടില്‍ തുക നിക്ഷേപിച്ച് കൊടുത്തിട്ടുമുണ്ട്. കല്യാണമടക്കമുള്ള കാര്യങ്ങളില്‍ ഉസ്താദുമാര്‍ക്ക് ഭീമമായ തുകകള്‍ നല്‍കി സമാശ്വാസത്തിന്റെ സുവര്‍ണാധ്യായം തീര്‍ത്തവരും അനവധിയാണ്.

ഭരണകൂട സഹായങ്ങളൊന്നുമില്ലാതെ ഇത്രമേല്‍ സമ്പന്നമായ മത വിദ്യാഭ്യാസ സംവിധാനം കേരളത്തില്‍ കെട്ടിപ്പടുക്കപ്പെട്ടത് ശക്തമായ ഉലമാ- ഉമറാ ബന്ധത്തിന്റെ പിന്‍ബലത്തിലാണ്. സമസ്തയുടെയും കേരള മുസ്്ലിം ജമാഅത്തിന്റെയും ആഹ്വാന പ്രകാരം ഗ്രാ
മങ്ങള്‍ തോറും മദ്‌റസകളും ആവശ്യമായിടത്ത് സ്ഥാപന സംവിധാനങ്ങളുമൊക്കെ ഉയര്‍ന്നുവന്നത് പണ്ഡിത നേതൃത്വത്തിന്റെയും ഉമറാക്കളുടെയും അര്‍പ്പണബോധം കൊണ്ടായിരുന്നു.

കൊവിഡ് കാലത്തും സര്‍ക്കാര്‍ വിദ്യാലയങ്ങളെ പോലെയോ അതിലുപരിയായോ ജ്ഞാന വിതരണ പ്രക്രിയ തുടരാനാകുന്നത് വിദ്യാഭ്യാസ ബോര്‍ഡ് എന്ന അതിശക്തമായ സംവിധാനമുള്ളത് കൊണ്ടാണ്. അതിനൂതനമായ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊക്കെ പരിശീലനങ്ങളും നിര്‍ദേശങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നു. പഠന പ്രക്രിയയെ കാര്യക്ഷമമാക്കും വിധം ഓണ്‍ലൈന്‍ ടെസ്റ്റും ആസൂത്രണം ചെയ്തിട്ടുണ്ട്. സ്ഥാപന മാനേജ്‌മെന്റുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി മാനേജ്‌മെന്റ് അസോസിയേഷനും കൂടെയുണ്ട്.

മുഅല്ലിമുകളെ കരുത്തോടെ നിലനിർത്തുന്നതില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ പങ്ക് അനിഷേധ്യമാണ്. ഏകീകൃത സേവന- വേതന വ്യവസ്ഥയും മുദർരിസ് കൂട്ടായ്മയടക്കമുള്ള കാര്യങ്ങളും പുതിയ ആലോചനകളായി രൂപപ്പെടേണ്ടതുണ്ട്. മലയാള നാടിന് സര്‍വാനുഗ്രഹമായി ലഭിച്ച വിജ്ഞാന വെട്ടം അണയാതിരിക്കാന്‍ മതാധ്യാപകരടക്കം ഈ സംവിധാനങ്ങളെയെല്ലാം ചേര്‍ത്തു പിടിക്കുക തന്നെ വേണം. ഈ മഹാമാരിക്കാലത്തും.

(അവസാനിച്ചു)