Connect with us

Covid19

സാമൂഹിക വ്യാപനമുണ്ടായാല്‍ പ്രാദേശിക കൊവിഡ് കേന്ദ്രങ്ങളായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉപയോഗപ്പെടുത്തും

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ സാമൂഹിക വ്യാപനമുണ്ടായാല്‍ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ അവശ്യ സൗകര്യങ്ങളുള്ള കൊവിഡ് പ്രാദേശിക കേന്ദ്രങ്ങളായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി ഹോട്ടലുകള്‍, ഹാളുകള്‍, കോളജുകള്‍ തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ മേല്‍നോട്ടം ബന്ധപ്പെട്ട പി എച്ച് സി/ എഫ് എച്ച് സി/ സി എച്ച് സി/ താലൂക്ക് ആശുപത്രികള്‍ക്കായിരിക്കും. മരുന്നുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, ബി പി അപ്പാരറ്റസ് തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധരായ ആരോഗ്യപ്രവര്‍ത്തകര്‍ നേതൃത്വം കൊടുക്കും.

ഒരേതരം രോഗലക്ഷണങ്ങളുള്ള ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവ് ആയവരെയും ഒരേ ലിംഗത്തിലുള്ളവരെയും ഒരുമിച്ചു ഒരു ഹാളില്‍/ ഒരു വാര്‍ഡില്‍ കിടത്തുന്നതില്‍ പ്രത്യേകിച്ചു പ്രശ്‌നങ്ങള്‍ ഇല്ല. പക്ഷെ, കിടക്കകള്‍ തമ്മില്‍ കൃത്യമായ അകലം വേണം. അതായത് കുറഞ്ഞത് നാല് മുതല്‍ ആറ് അടി വരെ അകലം ഉണ്ടായിരിക്കും. ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നോ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തില്‍ നിന്നോ ടെസ്റ്റ് റിസല്‍ട്ട് അറിയിച്ച് കഴിഞ്ഞാല്‍ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് പോകുന്നതിനു തയ്യാറാകണം. ഇതിന് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സില്‍ മാറ്റും.

ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആയവരില്‍ രോഗലക്ഷണങ്ങളില്ലാത്തവരേയും നിലവിലെ സാഹചര്യത്തില്‍ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കു കൊണ്ടുപോകേണ്ടിവരും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതുവഴി സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉചിതം. അത്തരമാളുകള്‍ യാതൊരുവിധ എതിര്‍പ്പും പ്രകടിപ്പിക്കാതെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ചു ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് പോകണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആകുന്ന മുറക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ നിന്നും തിരികെ വീട്ടില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest