Connect with us

Ongoing News

ലാലിഗയില്‍ കിരീടം ചൂടി റയല്‍; കണ്ണീരണിഞ്ഞ് ബാഴ്‌സ

Published

|

Last Updated

മാഡ്രിഡ് |  ചിരവൈരികളായ ബാഴ്‌സലോണയില്‍ നിന്ന് സ്പാനിഷ് ലീഗ് തിരിച്ചുപിടിച്ച് റയല്‍ മാഡ്രിഡ്. തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ ജയിച്ചാണ് റയല്‍ ലാലിഗ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. ലീഗില്‍ ഒരു മത്സരം കൂടി അവശേഷിക്കെ, ഇന്നലെ നടന്ന മത്സരത്തില്‍ വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ തകര്‍ത്തു. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഒസാസുനയോട് പരാജയപ്പെട്ടതോടെ ചിത്രം തെളിയുകയായിരുന്നു.
കൊവിഡ് വരുന്നതിന് മുമ്പ് ലീഗില്‍ ഒന്നാം സ്ഥാനത്ത് ബാഴ്‌സയായിരുന്നു. കൊവിഡിന് ശേഷം മത്സരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ റിയലിന്റെ കുതിപ്പും ബാഴ്‌സയുടെ കിതപ്പുമാണ് ഫുട്‌ബോള്‍ ആരാധകര്‍ പകണ്ടത്. തുടര്‍ച്ചയായി പത്ത് മത്സരങ്ങളിലാണ് റയില്‍ വെന്നിക്കൊടി പാറിച്ചത്.

വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. രണ്ട് ഗോളുകളും ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമയുവടെ വകയായിരുന്നു. ആദ്യ പകുതിയിലായിരുന്നു ബെന്‍സേമയുടെ ആദ്യ ഗോള്‍. രണ്ടാം ഗോള്‍ വിവാദച്ചുവയുള്ളതായിരുന്നു. സെര്‍ജിയോ റാമോസിനെ ബോക്‌സില്‍ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയാണ് ബെന്‍സേമ ഗോളാക്കിയത്. എന്നാല്‍ രണ്ടാം അവസരത്തിലായിരുന്നു ബെന്‍സേമയുടെ ഗോള്‍ അനുവദിച്ചത്. ആദ്യ പെനാല്‍റ്റി കിക്ക് എടുത്തത് റാമോസായിരുന്നു. കിക്ക് എടുക്കാനെത്തിയ റാമോസ പന്ത് മെല്ലെ തട്ടി ബെന്‍സേമക്കു നല്‍കി. ഓടിയെത്തിയ ബെന്‍സേമയുടെ ഷോട്ട് വലയില്‍. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല. റയലിന് വീണ്ടും പെനാല്‍റ്റിയെടുക്കാന്‍ അവസരവും നല്‍കി.

ഇത്തവണ ബെന്‍സേമയാണ് കിക്കെടുത്തത്. പന്ത് നേരെ വലയിലേക്ക്. തെറ്റായി പെനാല്‍റ്റി എടുത്തിട്ടും റയലിന് വീണ്ടും അവസരം നല്‍കിയതിനെ വിയ്യാറയല്‍ ചോദ്യം ചെയ്‌തെങ്കിലും അപ്പീല്‍ റഫറി അനുവദിച്ചില്ല. വിയ്യാറയലിന്റെ ആശ്വാസ ഗോള്‍ ഇബോറയുടെ ബൂട്ടില്‍നിന്നായിരുന്നു. സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചെത്തിയ ശേഷമുള്ള ആദ്യ ലാ ലിഗ കിരീടമാണ് റയല്‍ സ്വന്തമാക്കുന്നത്.

ഇതേ സമയം സ്വന്തം തട്ടകത്തില്‍ ബാഴ്‌സ കണ്ണീരണിയുന്നതാണ് ഇന്നലെ കണ്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഒസാസുന ബാഴ്‌സയെ മുട്ടുകുത്തിച്ചത്. കഴിഞ്ഞ 43 മത്സരങ്ങളില്‍ ബാഴ്‌സയുടെ ആദ്യ പരാജയമായിരുന്നു ഇത്. ആദ്യ പകുതിയുടെ 15 ാം മിനിറ്റില്‍ തന്നെ ബാഴ്‌സയെ ഞെട്ടിച്ച് ഒസാസുന ലീഡ് എടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ മെസിയുടെ ഫ്രീകിക്ക് ഗോള്‍ ബാഴ്‌സയ്ക്കു സമനില നല്‍കി. നിശ്ചിത സമയം വരെ സമനിലയിലായിരുന്ന മത്സരം ഇഞ്ചുറി ടൈമിലാണ് ഒസാസുന സ്വന്തമാക്കിയത്. റോബര്‍ട്ടോ ടോറസാണ് ഒസാസുനയുടെ വിജയ ഗോള്‍ നേടിയത്.

 

---- facebook comment plugin here -----

Latest