Connect with us

Kerala

സ്വപ്‌നയും സന്ദീപുമായി എന്‍ ഐ എ സംഘം കേരളത്തില്‍

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി
എന്‍ ഐ എ സംഘം കേരളത്തിലെത്തി. വാളയാര്‍ അതിര്‍ത്തി വഴിയാണ് സംഘമെത്തിയത്. ഉച്ചക്കു ശേഷം മൂന്നു മണിയോടെ പ്രതികളുമായുള്ള വാഹനം കൊച്ചിയില്‍ എത്തിച്ചേരും. സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് നേരത്തെ എന്‍ ഐ എ രേഖപ്പെടുത്തിയിരുന്നു. യഥാക്രമം രണ്ടും നാലും പ്രതികളായ ഇവരെ ശനിയാഴ്ച ബെംഗളൂരുവില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ ഹൈദരാബാദ് യൂനിറ്റ് പിടികൂടിയത്. കോറമംഗല ഒക്ടേവ് ഹോട്ടലിലാണ് ഇവരുണ്ടായിരുന്നത്. പിടിയിലാകുമ്പോള്‍ താമസിച്ചിരുന്നത് രണ്ടു മുറികളിലാണ്. ഇവിടെ നിന്ന് രണ്ടര ലക്ഷം രൂപ, തിരിച്ചറിയല്‍ കാര്‍ഡുകള്‍, പാസ്പോര്‍ട്ടുകള്‍, മൂന്ന് മൊബൈലുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ എന്‍ ഐ എ ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും.

അഭിഭാഷകരുടെ ഉപദേശ പ്രകാരമാണ് ഇരുവരും ബെംഗളൂരുവിലേക്ക് കടന്നതെന്നാണ് സൂചന. രണ്ടു ദിവസം മുമ്പാണ് എസ് ക്രോസ് കാറില്‍ ബെംഗളൂരുവിലേക്ക് പോയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. സ്വപ്നയുടെ ഭര്‍ത്താവും രണ്ട് മക്കളും കാറിലുണ്ടായിരുന്നു. ഇവര്‍ പലയിടങ്ങളിലായി മാറി മാറി താമസിച്ചു. ആദ്യം താമസിച്ചത് ബി ടി എം ലേഔട്ടിലെ ഹോട്ടലിലായിരുന്നു. പിന്നീടാണ് ഒക്ടേവിലേക്കു മാറിയത്. ഒളിവില്‍ പോകുമ്പോള്‍ സ്വപ്നയും സന്ദീപും മുഖത്ത് മാറ്റങ്ങള്‍ വരുത്തിയിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെയാണ് എന്‍ ഐ എ ഇരുവരെയും പിടികൂടിയത്.

ഇരുവരെയും കുടുക്കിയത് ഫോണ്‍ വിളികളാണ്. സന്ദീപിന്റെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കസ്റ്റംസ് പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സന്ദീപ് സഹോദരനെ വിളിച്ച താണ് പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായത്.

Latest