Connect with us

Ongoing News

കാണിക്ക് നേരെ പാഞ്ഞടുത്ത ടോട്ടനം താരം എറിക് ദീറിന് വിലക്ക്

Published

|

Last Updated

ലണ്ടന്‍ | കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന എഫ് എ കപ്പ് മത്സരത്തില്‍ ടീം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കാണികളുമായി ഏറ്റുമുട്ടാന്‍ സ്റ്റാന്‍ഡിലേക്ക് കയറിയ ടോട്ടനം ഡിഫന്‍ഡര്‍ എറിക് ദീറിന് നാല് മത്സരത്തില്‍ നിന്ന് വിലക്ക്. നോര്‍വിച്ചിനോട് പെനാല്‍റ്റി ഷൂട്ട്ഔട്ട് നഷ്ടപ്പെട്ടതിന് ശേഷം തന്റെ ഇളയ സഹോദരനും കുടുംബവുമുള്ള സ്റ്റാന്‍ഡിന്റെ അരികിലേക്ക് എറിക് എത്തിയപ്പോള്‍ ഒരു കാണി അസഭ്യം പറയുകയായിരുന്നു. തുടര്‍ന്ന് ദീര്‍ സ്റ്റാന്‍ഡിലേക്ക് എത്തുകയും സീറ്റുകള്‍ ചാടിക്കടക്കുകയും ചെയ്തു. തന്നെ ചീത്ത പറഞ്ഞ കാണിയുമായി സഹോദരന്‍ തര്‍ക്കിക്കുന്നത് കണ്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

കൈയാങ്കളിയിലേക്ക് സംഭവം എത്തിയിരുന്നില്ല. ഹ്രസ്വ അന്വേഷണം മാത്രമാണ് പോലീസ് നടത്തിയത്. മത്സരഫലത്തിലെ നിരാശയും വിഡ്ഢിയാക്കപ്പെട്ടതുമാണ് ചീത്ത വിളിക്കാന്‍ കാരണമായതെന്നും ദീര്‍ തന്നെ ഭീഷണിപ്പെടുത്തിയില്ലെന്നും കാണി സ്വതന്ത്ര ഏജന്‍സിയോട് പറഞ്ഞിരുന്നു.

എന്നാല്‍, ദീറിന്റെ പ്രവൃത്തികള്‍ ഭീഷണിപ്പെടുത്തുന്ന തരത്തിലാണെന്ന് പാനല്‍ കണ്ടെത്തി. വിലക്കിന് പുറമെ, നാല്‍പ്പതിനായിരം പൗണ്ട് പിഴയും അടക്കണം. മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സഹോദരന്‍ പ്രശ്‌നത്തിലാണെന്ന് തോന്നിയതിനെ തുടര്‍ന്നാണ് സ്റ്റാന്‍ഡിലേക്ക് ചാടിക്കയറിയതെന്ന് ദീര്‍ പറഞ്ഞു.