Connect with us

Articles

1964ല്‍ തുടങ്ങിയ കോണ്‍ഗ്രസ് പേടി

Published

|

Last Updated

1965 മാര്‍ച്ച് നാലിന് നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ്. ആകെ നിയമസഭാ സീറ്റുകളുടെ എണ്ണം 133. കേരള കോണ്‍ഗ്രസ് രൂപവത്കരണത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. കേരള കോണ്‍ഗ്രസ് ഒറ്റക്കാണ് മത്സരിച്ചത്. ഫലം വന്നപ്പോള്‍ കേരള കോണ്‍ഗ്രസിന് കിട്ടിയത് 26 സീറ്റുകള്‍. കോണ്‍ഗ്രസിന് 40 സീറ്റും സി പി എമ്മിന് 36 സീറ്റും ലീഗിന് 12 സീറ്റും കിട്ടി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ മന്ത്രിസഭ രൂപവത്കരിക്കാനേ കഴിഞ്ഞില്ല.

കരുത്തനായ കോണ്‍ഗ്രസ് നേതാവ് പി ടി ചാക്കോയുടെ നേരേ കോണ്‍ഗ്രസില്‍ നിന്ന് തന്നെയുണ്ടായ കടുത്ത നീക്കങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കേരള കോണ്‍ഗ്രസ് രൂപം കൊണ്ടത്. നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 15 എം എല്‍ എമാര്‍ കോണ്‍ഗ്രസ് വിട്ടു. ആര്‍ രാഘവമേനോന്‍ (പാലക്കാട്), ധര്‍മരാജ അയ്യര്‍ (തൃശൂര്‍), എം എ ആന്റണി (അങ്കമാലി), കെ എം ജോര്‍ജ് (കോതമംഗലം), സി എ മാത്യു (തൊടുപുഴ), കുസുമം ജോസഫ് (കാരിക്കോട്), കെ നാരായണക്കുറുപ്പ് (വാഴൂര്‍), എന്‍ ഭാസ്‌കരന്‍ നായര്‍ (ചങ്ങനാശ്ശേരി), തോമസ് ജോണ്‍ (കുട്ടനാട്), പി ചാക്കോ (തിരുവല്ല), വയലാ ഇടിക്കുള(റാന്നി), രവീന്ദ്രനാഥ് (പത്തനംതിട്ട), ആര്‍ ആര്‍ സരസ്വതിയമ്മ (ചെങ്ങന്നൂര്‍), ആര്‍ ബാലകൃഷ്ണപ്പിള്ള (പത്തനാപുരം), പി കൃഷ്ണന്‍ (തൃക്കടവൂര്‍) എന്നിവരായിരുന്നു അവര്‍. ഇത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. ഒരു മലവെള്ളപ്പാച്ചില്‍ പോലെയായി കേരള കോണ്‍ഗ്രസിന്റെ ഉത്ഭവം.

ഇവര്‍ക്കൊക്കെയും നാട്ടിലാകെ വന്‍ സ്വീകരണം ലഭിച്ചു. കേരള കോണ്‍ഗ്രസിന്റെ രൂപവത്കരണം ഒരു ചരിത്രസംഭവമായി കോട്ടയത്ത് ലക്ഷ്മി വിലാസ് ഓഡിറ്റോറിയത്തില്‍ നടന്നു. 1964 ഒക്ടോബര്‍ എട്ടാം തീയതി നടന്ന യോഗത്തില്‍ ഇ ജോണ്‍ ജേക്കബ്, മാത്തച്ചന്‍, ടി കൃഷ്ണന്‍, എം എം ജോസഫ്, മോഹന്‍ കളത്തിങ്കല്‍, രാഘവമേനോന്‍, സി എ മാത്യു, ധര്‍മരാജ അയ്യര്‍, തോമസ് ജോണ്‍, ആര്‍ ബാലകൃഷ്ണപ്പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. പിറ്റേന്ന് കോട്ടയം തിരുനക്കരയില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ എന്‍ എസ് എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭനാണ് കേരള കോണ്‍ഗ്രസ് എന്ന് നാമകരണം ചെയ്ത് പുതിയ പാര്‍ട്ടിയുടെ രൂപവത്കരണം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസില്‍ നിന്നു തന്നെ രൂപമെടുത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ എല്ലായ്പ്പോഴും കോണ്‍ഗ്രസിന്റെ പ്രധാന ശത്രുപക്ഷം കേരള കോണ്‍ഗ്രസ് തന്നെയായിരുന്നു. ഐക്യ ജനാധിപത്യ മുന്നണിയില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒന്നിച്ച് ഒറ്റക്കെട്ടായി നിന്നു. ഐക്യത്തോടെ മത്സരിച്ചു. ഒരേ മന്ത്രിസഭയില്‍ ഇരുന്ന് മന്ത്രി സ്ഥാനം പങ്കിട്ടു. പക്ഷേ, എല്ലായ്പ്പോഴും കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിനെയും കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിനെയും ശത്രുതയോടെ നോക്കി. തരം കിട്ടുമ്പോഴൊക്കെ പരസ്പരം തോല്‍പ്പിക്കാനും ചെറുതാക്കാനും ശ്രമിച്ചു.

1965 മുതല്‍ മരണം വരെ, അരനൂറ്റാണ്ടിലേറെക്കാലം പാലാ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കെ എം മാണിയെ തോല്‍പ്പിക്കാന്‍ എപ്പോഴും ശ്രമിച്ചത് കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. കേന്ദ്ര മന്ത്രിയും ഗവര്‍ണറും ഒക്കെയായിരുന്ന അന്തരിച്ച എം എം ജേക്കബ് എപ്പോഴും പാലാ സീറ്റില്‍ കണ്ണു വെച്ചിരുന്നു. പല സാഹചര്യങ്ങളിലും മത്സരരംഗത്ത് എതിര്‍പക്ഷത്തെ മാത്രമല്ല, സ്വന്തം പക്ഷത്തെ കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും കെ എം മാണിക്ക് നേരിടേണ്ടിവന്നു. മാണിക്ക് അതിനുള്ള കരുത്തുണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം.
മാണിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാനായി. ഒപ്പം നിന്നിരുന്ന പി ജെ ജോസഫ് എതിര്‍പക്ഷത്തായി. സ്വന്തം മുന്നണിയില്‍ രണ്ട് ചേരികളില്‍ നിന്ന് അവര്‍ പരസ്പരം പോരടിച്ചു. മുമ്പ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ നടന്നുവന്നിരുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരിന്റെയും മത്സരത്തിന്റെയും മറ്റൊരു പതിപ്പ്.

ഇതിലെന്താണ് കോണ്‍ഗ്രസിന്റെ പങ്ക് എന്നത് വലിയൊരു ചോദ്യമാണ്. കോട്ടയം, കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട മേഖലയാണ്. പക്ഷേ, കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യം ഒഴിവാക്കാനാകാത്ത ഒരു ബാധ്യതയുമാണ്. പാലാ, കടത്തുരുത്തി, ചങ്ങനാശ്ശേരി എന്നിങ്ങനെ കേരള കോണ്‍ഗ്രസ് കൈയില്‍ വെച്ചിരിക്കുന്ന സീറ്റുകളില്‍ എത്രയോ കാലമായി കോണ്‍ഗ്രസും കൊതിയോടെ കണ്ണുവെച്ച് കാത്തിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ പരാജയപ്പെട്ട ജോസഫ് വാഴയ്ക്കന് പാലായിലാണ് നോട്ടം. ബാര്‍ കോഴ കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ സ്ഥാനാര്‍ഥിയായിരുന്ന വാഴയ്ക്കന്‍ പാലായിലും ശ്രദ്ധവെച്ചു എന്ന് ചില കോണ്‍ഗ്രസുകാരെങ്കിലും രഹസ്യമായി ആരോപിക്കുന്നു. മാണിയെ തോല്‍പ്പിക്കൽ ആയിരുന്നുവത്രെ ലക്ഷ്യം. പക്ഷേ, മാണി വിജയിച്ചു. വാഴയ്ക്കന്‍ മൂവാറ്റുപുഴയില്‍ പരാജയപ്പെടുകയും ചെയ്തു. മുന്‍ കോട്ടയം ഡി സി സി അധ്യക്ഷന്‍ ടോമി കല്ലാനിക്ക് പൂഞ്ഞാറിലാണ് കണ്ണ്. വര്‍ഷങ്ങളായി പി സി ജോര്‍ജ് കൈയില്‍ വെച്ചിരിക്കുന്ന സീറ്റാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തിയാണ് ജോര്‍ജ് ജയിച്ചത്. ഏറെക്കാലമായി കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കെ സി ജോസഫിന് കോട്ടയത്തൊരു സീറ്റ് വേണം. കോട്ടയംകാരനായ കെ സി ജോസഫിന് ചങ്ങനാശ്ശേരിയോ കാഞ്ഞിരപ്പള്ളിയോ കിട്ടണമെന്നുണ്ട്. വനിതാ നേതാവായ ലതികാ സുഭാഷിന് ഏറ്റുമാനൂരിലേക്കാണ് നോട്ടം.

വളരെ വ്യക്തമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഒരു വശത്ത് സി പി എം, മുന്നണിക്കുള്ളില്‍ തന്നെ എതിര്‍വശത്ത് കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാകുന്നത് കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്കിഷ്ടമാണ്. ജോസ് കെ മാണിക്കെതിരായ സംഘടിതമായ പല നീക്കങ്ങളും നടത്തിയത് കോട്ടയത്തെ കോണ്‍ഗ്രസുകാരുടെ പിന്തുണയോടെയായിരുന്നു എന്ന കാര്യവും ശ്രദ്ധിക്കണം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പത്രസമ്മേളനം വിളിച്ച് തിരക്കിട്ട് മുന്നണിയില്‍ നിന്ന് പുറത്താക്കിയ യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ നീക്കങ്ങളും ശ്രദ്ധിക്കണം.
കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ നീക്കങ്ങളെല്ലാം ജോസ് കെ മാണിയും കൂട്ടരും ശ്രദ്ധിക്കുന്നുണ്ട്. ഇത്തരം നീക്കങ്ങളെ കെ എം മാണിക്ക് നിഷ്പ്രയാസം നേരിടാനാകുമായിരുന്നു. ബാര്‍ കോഴ കേസ് പോലും ചില കോണ്‍ഗ്രസ് നേതാക്കളുടെ സൃഷ്ടിയാണെന്ന് മാണി തന്നെ വിശ്വസിച്ചിരുന്നു. ജോസ് കെ മാണിയുടെ വിശ്വാസവും അപ്രകാരം തന്നെ. കോണ്‍ഗ്രസിന് മാണി വിഭാഗത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട മട്ടാണ്. ജോസ് കെ മാണിക്ക് തിരിച്ചും. പി ജെ ജോസഫിന് കരുത്തു പകര്‍ന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇരു വിഭാഗത്തിന്റെയും ഇനിയുള്ള നീക്കങ്ങളില്‍ നിര്‍ണായകമാകുക ഈ കോണ്‍ഗ്രസ് പേടിയാണ്. 1964ല്‍ തുടങ്ങിയ പേടി.

ജേക്കബ് ജോര്‍ജ്‌

---- facebook comment plugin here -----

Latest