Connect with us

Kozhikode

ഇനിയെങ്കിലും യാഥാർഥ്യമാകുമോ ബഷീർ സ്മാരകം?

Published

|

Last Updated

കോഴിക്കോട് | കാൽ നൂറ്റാണ്ടിനപ്പുറം മുതൽ പറഞ്ഞുകേട്ട ബഷീർ സ്മാരകം ഇനിയെങ്കിലും യാഥാർഥ്യമാകുമോ? 26ാമത്തെ ചരമദിനത്തിലും അത്തരത്തിലൊരു സ്മാരക ഭവനം പൂവണിയുമെന്ന് തന്നെയാണ് അധികൃതരുടെ ഭാഷ്യം. സാഹിത്യ പ്രേമികൾക്ക് ഇനിയും കാത്തിരിക്കാം, ആ മോഹം സഫലമാകുമെന്ന് തന്നെ കരുതി.

ഇപ്പോൾ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബേപ്പൂരിൽ നഗരസഭയുടെ അധീനതയിലുള്ള ഒന്നര ഏക്കർ സ്ഥലത്ത് സ്മാരകം പണിയുമെന്നാണ് അധികൃതർ പറയുന്നത്. ബേപ്പൂർ കമ്മ്യൂണിറ്റി ഹാളിന് സമീപത്തായി കണ്ടുവെച്ച ഭൂമിയിൽ പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് പറഞ്ഞു.

നേരത്തേ അശോകപുരത്ത് സ്മാരകം പണിയാൻ ആലോചിച്ചിരുന്നെങ്കിലും സ്ഥലം ലഭിച്ചില്ലെന്ന കാരണത്താൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, ബേപ്പൂരിൽ പുതിയ സ്ഥലം കണ്ടെത്തിയ സാഹചര്യത്തിൽ കിഫ്ബി ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്തുമെന്നാണറിയുന്നത്. കൂടാതെ, സ്മാരകം പണിയുന്നതിനായി എം എ ബേബി, എം ടി വാസുദേവൻ നായർ, ബഷീറിന്റെ മകൻ അനീസ് എന്നിവരുൾപ്പെട്ട ബഷീർ സ്മാരക ഉപദേശക സമിതി പുനരുജ്ജീവിപ്പിക്കേണ്ടിയും വരും.

അതേസമയം, 1994ൽ ബഷീർ മരണപ്പെട്ടത് മുതൽ കേരളത്തിന്റെ പല ഭാഗങ്ങളിലായി ബഷീർ സ്മാരക സൗധങ്ങൾ പൊങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കർമമണ്ഡലമായ കോഴിക്കോട്ട് ഉചിതമായ സ്മാരകം പണിയണമെന്ന ആവശ്യം ശക്തമായിരുന്നു. സാംസ്‌കാരിക വകുപ്പ് ഈ ലക്ഷ്യത്തിനായി അമ്പത് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും സാങ്കേതികത്വങ്ങളിൽ കുരുങ്ങി നീണ്ടുപോയി. പിന്നീട് 2018ൽ ഓഡിറ്റ് ഒബ്ജക്‌ഷന്റെ കാരണം പറഞ്ഞ് ഈ തുക തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

ബഷീറിന്റെ രചനകളുടെ കൈയെഴുത്ത് പ്രതികളും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും ലഭിച്ച പുരസ്‌കാരങ്ങളും എല്ലാം ഒരുക്കി മ്യൂസിയം, ഓഡിറ്റോറിയം, എഴുത്തുകാർക്ക് രചന നടത്താനും വിശ്രമിക്കാനുമായി ഏതാനും മുറികൾ എന്നിവയായിരുന്നു സ്മാരകത്തിന്റെ ഭാഗമായി വിഭാവനം ചെയ്തിരുന്നത്. ആർക്കിടെക്ട് ആർ കെ രമേശ് സ്‌കെച്ച് തയ്യാറാക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest