സഹോദരിയെ ബലാത്സംഗം ചെയ്ത പ്രതിയെ തിഹാര്‍ ജയിലില്‍ കുത്തിക്കൊന്നു

Posted on: June 30, 2020 11:59 pm | Last updated: July 1, 2020 at 7:51 am

തിഹാര്‍ | തിഹാര്‍ ജയിലില്‍ തടവുകാരന്‍ സഹതടവുകാരനെ കുത്തി കൊലപ്പെടുത്തി.തിങ്കളാഴ്ചയാണ് 21 കാരനായ സാക്കിര്‍ നിസാമുദ്ദീന്‍ നിവാസിയായ മുഹമ്മദ് മെഹ്താബിനെ (27) ജയിലിനുള്ളില്‍ കുത്തിക്കൊന്നത്. ആറ് വര്‍ഷം മുമ്പ് തന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതിലുള്ള പ്രതികാരമായാണ് കൊലപാതകം.

രാവിലെ ആറുമണിയോടെയാണ് സാക്കിര്‍ മൂര്‍ച്ചയുള്ള ലോഹവസ്തു ഉപയോഗിച്ച് മുഹമ്മദിന്റെ വയറിലും കഴുത്തിലും നിരവധി തവണ കുത്തിയതെന്ന് പോലീസ് പറഞ്ഞു.ദക്ഷിണപുരി നിവാസിയാണ് സാക്കിര്‍.

കുത്തേറ്റ് മെഹ്താബിന് ജയില്‍ ഡിസ്‌പെന്‍സറിയില്‍ പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2014 ല്‍ സാക്കിറിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ മെഹ്താബ് പ്രതിയാണ്. സഹോദരി പിന്നീട് ആത്മഹത്യ ചെയ്തു. ഇതിലുള്ള വിരോധമാണ് കൊലക്ക് കാരണം. കേസിലകപ്പെട്ട മെഹ്താബ് 2014ലാണ് ജയിലിലെത്തിയത്. മറ്റൊരു കൊലപാതക കേസില്‍ അകപ്പെട്ട സാക്കില്‍ 2018ലാണ് ജയിലിലെത്തുന്നത്.