വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച; രണ്ട് മരണം

Posted on: June 30, 2020 8:47 am | Last updated: June 30, 2020 at 11:16 am

ഹൈദരാബാദ് |  ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വീണ്ടും വിഷവാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരണപ്പെട്ടു. നാല് തൊഴിലാളികളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

സൈനോര്‍ ലൈഫ് സയന്‍സസ് എന്ന ഫാര്‍മ കമ്പനിയുടെ പ്ലാന്റില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് വാതക ചോര്‍ച്ചയുണ്ടായത്. ബെന്‍സിമിഡാസോള്‍ വാതകമാണ് ഫാക്ടറിയില്‍നിന്ന് ചോര്‍ന്നത്. സ്ഥിതി ഗതികള്‍ നിയന്ത്രണത്തിലാണ്. വാതകം മറ്റൊരിടത്തേക്കും പടര്‍ന്നിട്ടില്ലെന്നും പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉദയ് കുമാര്‍ പറഞ്ഞു.

മേയ് ഏഴിന് വിശാഖപട്ടണത്തെ എല്‍ജി പോളിമേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ 12 പേര്‍ മരിച്ചിരുന്നു. സ്‌റ്റൈറീന്‍ വാതകമായിരുന്നു അന്ന് ചോര്‍ന്നത്.