കൊവിഡില്‍ നിന്ന് പൂര്‍ണമുക്തി സാധ്യമോ? ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയെന്ന് വിദഗ്ധര്‍

Posted on: June 24, 2020 7:09 pm | Last updated: June 24, 2020 at 8:23 pm

ന്യൂഡല്‍ഹി | ആഗോളതലത്തിലും ഇന്ത്യയിലുമെല്ലാം കൊവിഡ്- 19 രോഗമുക്തി നിരക്ക് 50 ശതമാനമാണെങ്കിലും രോഗിക്ക് പൂര്‍ണമുക്തി ലഭിക്കുമോയെന്നത് പ്രധാന ചോദ്യമാണെന്ന് ഗവേഷകരും ആരോഗ്യ വിദഗ്ധരും. പലരിലും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനയാണ് ഗവേഷകര്‍ നല്‍കുന്നത്.

പുതിയ രോഗമായതിനാല്‍ പൂര്‍ണ രോഗമുക്തിയുണ്ടാകുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സാധിക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു. കൊവിഡ് രോഗിയെ ശരാശരി രണ്ട് ആഴ്ചക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നാണ് കൊവിഡ് പ്രോട്ടോകോള്‍ ചൂണ്ടിക്കാട്ടുന്നത്. ഗുരുതര കേസുകളില്‍ രോഗമുക്തിക്ക് ആറാഴ്ച വരെ വേണ്ടിവന്നേക്കാം.

കൊവിഡ്- 19 ആദ്യം റിപ്പോര്‍ട്ട് ചൈനയിലെയും മറ്റ് രാജ്യങ്ങളിലെയും കണക്കുകള്‍ കാണിക്കുന്നത്, രോഗമുക്തി നേടിയവര്‍ മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വീണ്ടും ചികിത്സ തേടുന്നുണ്ട് എന്നാണ്. കൊവിഡ് രോഗികളുടെ ശ്വാസകോശങ്ങളില്‍ വ്യക്തമായ മാറ്റങ്ങളുള്ളതായി സി ടി സ്‌കാനുകള്‍ തെളിയിക്കുന്നു. ഒരു തരം ചാര നിറമുള്ള മറുക് കാണുന്നു. ശ്വാസകോശത്തിനുള്ള ഈ തകരാര്‍ സ്ഥിരമായിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ചൈനയിലെ 70 ശതമാനം കൊവിഡ് രോഗികളിലും ഈ തകരാര്‍ കണ്ടെത്തിയിരുന്നു.

ശ്വാസകോശത്തിനുള്ള ഇത്തരം പോറലുകള്‍ കൊവിഡ് ഗുരുതരമായവരില്‍ മാത്രമല്ല, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലുമുണ്ടായിട്ടുണ്ടെന്ന് ചൈനയില്‍ നടത്തിയ മറ്റൊരു പഠനം പറയുന്നു. നേരിയ ലക്ഷണങ്ങളുള്ളവരുടെ ശ്വാസകോശത്തിലും ഇത്തരം പോറലുകളുണ്ട്. കൊവിഡ് രോഗികളില്‍ വലിയൊരു വിഭാഗത്തിനും ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്നതും എടുത്തുപറയേണ്ടതാണ്.

ശ്വാസകോശത്തിലെ പോറലിന് പുറമെ ഹൃദയം ദുര്‍ബലമാകല്‍, തലച്ചോറിനും വൃക്കകള്‍ക്കുമുള്ള ക്ഷതം തുടങ്ങിയവ ദീര്‍ഘകാലം നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. കൊവിഡ് ഗുരുതരമായവരിലാണ് ഇവക്ക് സാധ്യതയുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ പുറത്തുവരുന്നത് സാധ്യതകളാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.