Connect with us

Editorial

അതിര്‍ത്തിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്

Published

|

Last Updated

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം സൃഷ്ടിച്ച സംഘര്‍ഷാവസ്ഥക്ക് അയവ് വന്നിട്ടില്ല. പലവട്ടം കമാന്‍ഡര്‍തല ചര്‍ച്ച നടന്നിട്ടും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ സംസാരിച്ചിട്ടും നിലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നത് ദുഃഖകരമാണ്. സമവായം രൂപപ്പെടുത്താനോ അതിര്‍ത്തിയിലെ സേനാവിന്യാസത്തില്‍ അയവു വരുത്താനോ ഇരു പക്ഷവും തയ്യാറായിട്ടില്ല. ഉടനെ ഒരു യുദ്ധമുണ്ടാകുമെന്നോ അയല്‍ക്കാര്‍ തമ്മില്‍ നയതന്ത്ര ബന്ധം അസാധ്യമാകുന്ന വിധത്തില്‍ പ്രശ്‌നം സങ്കീര്‍ണമാകുമെന്നോ അല്ല പറയുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളും ലോകമൊന്നാകെയും കൊവിഡ് മഹാമാരിയില്‍ ഉഴലുമ്പോള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ചൈന അതിന്റെ മര്‍ക്കട മുഷ്ടിയില്‍ നിന്ന് ഒരു ഇഞ്ച് പിന്‍മാറാന്‍ തയ്യാറായിട്ടില്ല. ഗാല്‍വന്‍ താഴ്‌വര അടക്കമുള്ള ഇന്ത്യക്ക് അവകാശപ്പെട്ട ഭൂവിഭാഗത്തില്‍ ചൈന അവകാശവാദം തുടരുകയാണ്. മാത്രമല്ല, 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവില്‍ കലാശിച്ച സംഘര്‍ഷത്തിന് ഉത്തരവാദി ഇന്ത്യയാണെന്ന് അവര്‍ വാദിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസത്തെ സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ പിടിച്ചാണ് ഇപ്പോള്‍ ചൈനയുടെ ന്യായീകരണം. ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയിലേക്കും ആരും കടന്നു കയറിയിട്ടില്ല എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. കടന്നു കയറിയിട്ടില്ലെങ്കില്‍ എങ്ങനെ സംഘര്‍ഷമുണ്ടായെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ചോദിക്കുന്നു. ഇന്ത്യയാണ് കുഴപ്പമുണ്ടാക്കിയതെന്ന് വ്യക്തമായില്ലേ എന്നും ചോദ്യമെറിയുന്നു. ഇന്ത്യന്‍ സൈനികരുടെ കാര്യക്ഷമതയും ധീരതയും അര്‍പ്പണ ബോധവുമാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചുവെങ്കിലും ആ വാചകം ഉണ്ടാക്കിയ ആശയക്കുഴപ്പം വലുതായിരുന്നു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും രൂക്ഷവിമര്‍ശവുമായി രംഗത്തെത്തി. ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതെന്നും അവര്‍ എവിടെ വെച്ചാണ് കൊല്ലപ്പെട്ടതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു. ചൈനക്ക് മോദി ക്ലീന്‍ചിറ്റ് നല്‍കിയോയെന്നാണ് പി ചിദംബരം ചോദിച്ചത്. സാമൂഹിക മാധ്യമങ്ങളിലും പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ നിരവധി പേരാണ് വിമര്‍ശമുന്നയിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ പുലര്‍ത്തേണ്ട ഉയര്‍ന്ന സൂക്ഷ്മതയെയാണ് ഈ വാചകയുദ്ധം ഓര്‍മപ്പെടുത്തുന്നത്.

ഇവിടെ ഊന്നിപ്പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ താത്കാലിക രാഷ്ട്രീയ നേട്ടത്തിനായി ആരും ഉപയോഗിക്കരുത്. വൈകാരികത പടര്‍ത്തുകയല്ല, പക്വമായ തീരുമാനങ്ങളിലെത്തുകയാണ് വേണ്ടത്. കോണ്‍ഗ്രസ് രാജ്യം ഭരിച്ചിരുന്നപ്പോള്‍ ആ സര്‍ക്കാറുകള്‍ നടത്തിയ എല്ലാ നയതന്ത്ര ശ്രമങ്ങളെയും ബലഹീനതയായി അവതരിപ്പിച്ച് പരിഹസിച്ചവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്നത്തെ പ്രധാനമന്ത്രി നടത്തിയ ട്വീറ്റുകള്‍ പരിശോധിച്ചാല്‍ മാത്രം മതി, വൈകാരികതയുടെ രാഷ്ട്രീയം മനസ്സിലാക്കാന്‍. അതിര്‍ത്തിയിലല്ല, ഡല്‍ഹിയിലാണ് പ്രശ്‌നമെന്നാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. നട്ടെല്ലില്ലാത്ത ഭരണാധികാരികള്‍ രാജ്യം ഭരിച്ചാല്‍ ശത്രുക്കള്‍ കടന്നു കയറിക്കൊണ്ടേയിരിക്കുമെന്ന് അദ്ദേഹം ആക്രോശിച്ചിരുന്നു. എന്നാല്‍, 45 വര്‍ഷത്തിനിടെ ഇതാദ്യമായി ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന യാഥാര്‍ഥ്യത്തിന് മുന്നിലും നരേന്ദ്ര മോദി സര്‍ക്കാര്‍ ചര്‍ച്ചയുടെ വഴിയിലൂടെയാണ് നീങ്ങുന്നത്. അതാണ് ശരി. പക്ഷേ ഒരു ചോദ്യമുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവരെ ബലഹീനതയുടെ പേരില്‍ ആക്ഷേപിച്ചത് തെറ്റായിപ്പോയെന്ന് ഇന്ന് പറയാന്‍ തയ്യാറാകുമോ? അതുകൊണ്ട് പ്രതിപക്ഷവും ഭരണപക്ഷവും ഈ വിഷയത്തെ ഒരു രാഷ്ട്രീയ അവസരമായി മാറ്റരുത്. ചൈനക്കാരായാലും ഇന്ത്യക്കാരായാലും അതിര്‍ത്തിയില്‍ മരിച്ചു വീഴുന്നത് മനുഷ്യരാണെന്ന് തിരിച്ചറിയണം. യുദ്ധം ഇരു രാജ്യങ്ങളെയും മാത്രമല്ല മേഖലയിലാകെ കെടുതികള്‍ വിതക്കുമെന്ന് മനസ്സിലാക്കണം.

നെഹ്‌റു ആവിഷ്‌കരിച്ച പഞ്ചശീല തത്വങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. 1962ലെ യുദ്ധം കൊണ്ട് മാത്രം അതിനെ തള്ളിപ്പറയാനാകില്ല. ചേരിചേരാ നയവും ഇക്കാലത്ത് നമുക്ക് വെളിച്ചമാകേണ്ടതാണ്. അമേരിക്കയുടെ മേഖലാപരമായ താത്പര്യങ്ങള്‍ക്ക് നാം കരുവാകരുത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ എല്ലാ അതിര്‍ത്തി തര്‍ക്കങ്ങളുടെയും വിത്ത് വിതച്ചത് അധിനിവേശ ശക്തികളാണെന്നോര്‍ക്കണം. ആധുനിക കാലത്ത് ഈ പ്രതിസന്ധികളെ മൂര്‍ച്ഛിപ്പിച്ച് നേട്ടം കൊയ്യുകയാണ് അമേരിക്ക ചെയ്തുകൊണ്ടിരിക്കുന്നത്. റഷ്യയുടെയും അമേരിക്കയുടെയും മാധ്യസ്ഥ്യ ശ്രമങ്ങളെ തത്കാലം സ്‌നേഹപൂര്‍വം നിരസിക്കുകയും സ്വന്തം നിലക്ക് നയതന്ത്ര ശ്രമങ്ങള്‍ തുടരുകയുമാണ് ഇന്ത്യ ചെയ്യേണ്ടത്. ചൈനയെപ്പോലെ അഹങ്കാരമുള്ള, ജനായത്തം നിലനില്‍ക്കാത്ത രാജ്യത്തോട് സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നൊക്കെ പറയുമ്പോഴും മറ്റൊരു പോംവഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതടക്കമുള്ള പരിഹാരത്തിനും ഒരു പരിധിയുണ്ട്. ബഹിഷ്‌കരിക്കുന്നതിന് മുമ്പ് രാജ്യത്തെ വിപണിയെ കൂടുതല്‍ മത്സരക്ഷമമാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഫലം വിപരീതമായിരിക്കും. ഇതിനായി രാജ്യത്തിന്റെ ഉത്പാദന മേഖല ചൈനയുടെ ഉത്പന്നങ്ങളുമായി പിടിച്ചുനില്‍ക്കാനുള്ള രീതിയിലേക്ക് നിലവാരം ഉയര്‍ത്തണം. നിലവില്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ ഒപ്പിട്ടിരിക്കുന്ന ഇന്ത്യയും ചൈനയും ഫ്രീ ഇക്കോണമിയാണെന്നതിനാല്‍ ഒരു പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാകില്ലെന്ന യാഥാര്‍ഥ്യവും നിലനില്‍ക്കുന്നുണ്ട്.

അഞ്ച് തലത്തിലുള്ള പരിഹാരമാണ് രാജ്യത്തിന് കരണീയമായിട്ടുള്ളത്. ഒന്ന് സൈന്യത്തെ കൂടുതല്‍ ആധുനികവത്കരിക്കുക, സജ്ജരാക്കുക. അത് ശത്രുവിനെ അടക്കി നിര്‍ത്തും. രണ്ട്, നേപ്പാളടക്കമുള്ള അയല്‍ രാജ്യങ്ങളുമായി നഷ്ടപ്പെട്ട ബന്ധം തിരിച്ചു പിടിക്കുക. മൂന്ന്, നേരത്തേയുള്ള കരാറുകള്‍ ഒരിക്കല്‍ കൂടി ഉഭയകക്ഷി ചര്‍ച്ചക്ക് വെച്ച് അവ്യക്തതകള്‍ നീക്കുക. നാല്, അതിര്‍ത്തിയില്‍ എന്ത് നടക്കുന്നു, നടന്നുവെന്ന് ഒരു പരിധി വരെ ജനങ്ങളെ അറിയിക്കുക. അഞ്ച്, ചൈനയടക്കമുള്ള അയല്‍ക്കാരുമായി വ്യാപാര, വ്യവസായ ബന്ധം ദൃഢമാക്കുക. സീ ജിന്‍പിംഗ് – മോദി ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ നടപ്പാക്കണം. സംയമനം ഒരിക്കലും ബലഹീനതയല്ല.