Gulf
ദുബൈയിൽ ആർ ടി എ ബസുകൾക്കും ജീവനക്കാർക്കും പുതിയ കേന്ദ്രം

ദുബൈ | ആർ ടി എ ബസുകൾക്കും ജീവനക്കാർക്കും അൽഖൂസിൽ പുതിയ താവളമൊരുങ്ങി. പബ്ലിക് ബസുകളുടെ നിത്യേനയുള്ള സുഗമമായ സഞ്ചാരത്തിന് അൽഖൂസിൽ വിശാലമായ ബസ് ഡിപ്പോ തയ്യാറാക്കിയതെന്ന് ആർടിഎ ചെയർമാൻ മതർ മുഹമ്മദ് അൽ തായർ അറിയിച്ചു. ജബൽ അലി, അൽ ഖവാനീജ്, അൽ റുവയ്യ, അവീർ, ഖിസൈസ് ഡിപ്പോകളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ ഡിപ്പോ പ്രവർത്തിക്കുക.
ഡിപ്പോ സന്ദർശിച്ച അൽ തായർ, ബസ് ഡ്രൈവർമാർ, എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ, മറ്റു ജീവനക്കാർ എന്നിവരുമായി ആശയവിനിമയം നടത്തി.
368 ഡ്രൈവർമാർക്ക് താമസിക്കാനുള്ള 102 മുറികൾ, ഒരേ സമയം 120 പേരെ ഉൾക്കൊള്ളുന്ന ഫൂഡ് കോർട്, ക്ലിനിക്ക്, വിശ്രമ കേന്ദ്രം, പ്ലാസ, ജിം എന്നിവയും ഒരുക്കിയിട്ടുണ്ട്.
കൂടാതെ, ബസുകളുടെ അറ്റകുറ്റപ്പണി നടത്താൻ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള വർക്ഷോപ്പുകളും പ്രത്യേകതയാണ്. വിശാലമായ പാർക്കിംഗിൽ 273 ബസുകൾ നിർത്തിയിടാം. ജീവനക്കാർക്കും സാങ്കേതിക പ്രവർത്തകർക്കും ഓഫീസുകളും ഉണ്ട്. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളുപയോഗിച്ചാണ് ഡിപ്പോയുടെ നിർമാണമെന്നും അൽ തായർ കൂട്ടിച്ചേർത്തു.