Connect with us

Kerala

ഓൺലൈൻ പഠനം: കെ എസ് യുവിന് താങ്ങായി എസ് എഫ് ഐ

Published

|

Last Updated

എസ് എഫ് ഐ ജില്ലാ സെക്രട്ടറി സക്കീർ കെ എസ് യു ജില്ലാ സെക്രട്ടറി ഹാരിസ് മുതൂരിന് ടി വി കൈമാറുന്നു

മലപ്പുറം | ആശയത്തിനൊപ്പം നന്മയുണ്ടാകണമെന്ന് പ്രഖ്യാപിക്കുകയാണ് മലപ്പുറത്ത് വിദ്യാർഥി സംഘടനകളായ എസ് എഫ് ഐയും കെ എസ് യുവും. വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പഠന ക്ലാസിന് സൗകര്യമില്ലാത്ത കുട്ടിക്ക് സൗകര്യമൊരുക്കാൻ കെ എസ് യുവിനെ സഹായിക്കാൻ എസ് എഫ് ഐ മുന്നോട്ട് വന്നതാണ് നന്മകളുടെ ഈ വേറിട്ട വഴി.

നിർധന വിദ്യാർഥിയെ സഹായിക്കാൻ കെ എസ് യുവിനെ സഹായിക്കാൻ എസ് എഫ് ഐ ജില്ലാ കമ്മിറ്റി ടി വി കൈമാറിയാണ് ഈ മാർഗം പ്രയോജനപ്പെടുത്തിയത്.
നിർധനയായ വിദ്യാർഥിക്ക് പഠിക്കാൻ ടി വി വേണമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ കഴിഞ്ഞ ദിവസം വാട്‌സാപ്പിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നു. ഈ സ്റ്റാറ്റസ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ കാണാനിടയായതോടെയാണ് വിദ്യാർഥിയെ സഹായിക്കാൻ എസ് എഫ് ഐ ഒരുക്കമാണെന്ന് അറിയിച്ചത്. ഇക്കാര്യം ഹാരിസുമായി സക്കീർ ഫോണിലൂടെ ചർച്ച ചെയ്യുകയും ടി വി നൽകാൻ മുന്നോട്ട് വരികയുമായിരുന്നു. എസ് എഫ് ഐ ജില്ലാ കമ്മിറ്റി സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തിയ ടി വി ഇന്നലെ ഉച്ചക്ക് 12ന് പ്രസ്‌ക്ലബ് പരിസരത്ത് വെച്ച് കെ എസ് യു ജില്ലാ കമ്മിറ്റിക്ക് കൈമാറി. നല്ല കാര്യത്തിന് രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും വിദ്യാർഥിക്ക് സംവിധാനം ലഭിക്കുകയെന്നതാണ് ഇതിലൂടെയുള്ളതെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ അറിയിച്ചു.

നിർധന വിദ്യാർഥിക്ക് ടി വി നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ അറിയിച്ചു. ചടങ്ങിൽ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ഹരികൃഷ്ണപാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ഗോപിക, കെ പി ശ്രീജിത്ത്, കെ എസ് യു വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ്ജസീൽ മൂച്ചിക്കാടൻ പങ്കെടുത്തു.