Connect with us

National

കുറ്റപത്രം വൈകി; ഭീകരരെ സഹായിച്ച മുന്‍ ഡിവൈഎസ്പി ദേവിന്ദര്‍ സിംഗിന് ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ക്ക് ഒപ്പം പിടിയിലായതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡിവൈഎസ്പി ദേവിന്ദര്‍ സിംഗിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ദേവിന്ദര്‍ സിങിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് വൈകിയതാണ് ജാമ്യം ലഭിക്കാനിടയാക്കിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ലെന്ന് സിങ്ങിന്റെ അഭിഭാഷകൻ പറഞ്ഞു. കേസിലെ മറ്റൊരു പ്രതി ഇർഫാൻ ഷാഫി മിറിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

നേരത്തെ ദേവിന്ദര്‍ സിംഗ് ഡല്‍ഹി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അതില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ട് ബുധനാഴ്ച അത് പിന്‍വലിച്ചിരുന്നു. അപേക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നും ചില അധിക രേഖകള്‍ സമര്‍പ്പിക്കണമെന്നും സിങ്ങിന്റെ അഭിഭാഷകന്‍ എം എസ് ഖാന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

ജനുവരി 13 ന് മൂന്ന് തീവ്രവാദികളെ കാറില്‍ നിന്ന് ജമ്മുവിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദേവിന്ദര്‍ സിംഗ് അറസ്റ്റിലായത്. ദേവീന്ദര്‍ സിങിനെതിരെ നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിന് കഴിഞ്ഞില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായ അഫ്‌സല്‍ ഗുരുവുമായി ബന്ധമുണ്ടെന്നും സിങിനെതിരെ ആരോപിക്കപ്പെട്ടു. ജമ്മു കശ്മീരിന് പുറമെ പഞ്ചാബിലും ഡല്‍ഹിയിലും ഇയാള്‍ തീവ്രവാദികളെ സഹായിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Latest