Kerala
കല്‍പകഞ്ചേരി പഞ്ചായത്തിലുള്ളവര്‍ക്കായുള്ള ഒരുമ ചാര്‍ട്ടേഡ് വിമാനം ഇന്ന് കരിപ്പൂരിലെത്തും

മലപ്പുറം | കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസ ലോകത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാറിന്റെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായും വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴിയും നിരവധി പേര്‍ നാടഞ്ഞു. ഇതാദ്യമായി ഒരു പഞ്ചായത്തിലുള്ളവര്‍ ചേര്‍ന്ന് ചാര്‍ട്ടേഡ് ചെയ്ത വിമാനം ഇന്ന് വൈകിട്ട് കരിപ്പൂരിലിറങ്ങും. മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി പഞ്ചായത്തിലെ പ്രവാസിളാണ് ഒരു വിമാനത്തില്‍ നിന്ന് യു എ ഇയിലെ റാസല്‍ഖൈമയില്‍ നിന്ന് നാട്ടിലെത്തുന്നത്. ഒരുമ കല്‍പകഞ്ചേരി എന്ന കൂട്ടായ്മയാണ് വിമാനം പ്രത്യേകം ചാര്‍ട്ടര്‍ ചെയ്യുന്നത്.
സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമടക്കം 185 യാത്രക്കാരാണ് സ്‌പൈസ് ജെറ്റിന്റെ ചാര്‍ട്ടര്‍ വിമാനത്തില്‍ വരുന്നത്. യാത്രക്കാരില്‍ 100 പേര്‍ കല്‍പ്പകഞ്ചേരിക്കാരും ബാക്കിയുള്ളവര്‍ തൊട്ടടുത്ത പഞ്ചായത്തുകളിലുള്ളവരുമാണ്.
1100 ദിര്‍ഹം (22000 ഓളം രൂപ)മാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. സാമ്പത്തികമായി വലിയ പ്രയാസത്തിലുള്ള ഏതാനും പേരെ സൗജന്യമായാണ് കൊണ്ടുവരുന്നത്.
കല്‍പ്പകഞ്ചേരിയുടെ ആരോഗ്യ- വിദ്യാഭ്യാസ- തൊഴില്‍രംഗത്തെ പുരോഗതിക്കായി ദുബൈ ആസ്ഥാനമായി പരേതനായ എ പി അസ്ലമിന്റെ നേതൃത്വത്തില്‍ തുടങ്ങിയതാണ് “ഒരുമ”. ഒട്ടേറേ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നാട്ടിലും മറുനാട്ടിലുമായി ഇവര്‍ ചെയ്യുന്നുണ്ട്.