National
ഇന്ത്യ- ചൈന രണ്ടാം സൈനിക തല ചർച്ച പുരോഗമിക്കുന്നു

ന്യൂഡൽഹി| കിഴക്കൻ ലഡാക്കിൽ കഴിഞ്ഞ ദിവസം നടന്ന മേജർ ജനറൽ തല ഉഭയകക്ഷി ചർച്ച അനിശ്ചിതമായി പിരിഞ്ഞതിനെ തുടർന്ന് ഇന്ന് വീണ്ടും പുരോഗമിക്കുന്നു. ഗാൽവാൻ താഴ്വരയിൽ തിങ്കളാഴ്ച രാത്രി ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലത്താണ് ചർച്ച.
കേണൽ ഉൾപ്പെടെ 20 സൈനികരാണ് ഏറ്റുമുട്ടലിൽ ഇന്ത്യക്കായി ജീവൻ നൽകിയത്. 45 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തതായാണ് വിശ്വസിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലത്ത് നിന്ന് ചൈനീസ് സേന പിന്മാറിയെന്നതിന്‌റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് വക്താക്കൾ അറിയിച്ചു.
കിഴക്കൻ ലഡാക്കിലെ ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാർഥ നിയന്ത്രണ രേഖക്ക് സമീപമാണ് ഈ പ്രദേശം. 1962ലെ യുദ്ധത്തിന് ശേഷം ചൈന ഈ പ്രദേശത്തിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നില്ല. എന്നാൽ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിത നീക്കമാണ് സംഘർഷത്തിന് കാരണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയോട് ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നു.