Connect with us

Covid19

കണ്ണൂര്‍ നഗരം അടച്ചിടാന്‍ കലക്ടറുടെ ഉത്തരവ്

Published

|

Last Updated

കണ്ണൂര്‍ | സമ്പര്‍ക്കം മൂലം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉള്‍പ്പെട്ടുന്ന ടൗണ്‍, പയ്യമ്പലം ഭാഗങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതിനു പുറമെ, പയ്യന്നൂര്‍ നഗരസഭയിലെ 30ാം വാര്‍ഡിന്റെ ഒരു ഭാഗം പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന മയ്യില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കി.

ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 320 ആയി. ഇവരില്‍ 200 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മയ്യില്‍ സ്വദേശി 45കാരന്‍ ഇന്നാണ് ഡിസ്ചാര്‍ജായത്.

ജില്ലയില്‍ നിലവില്‍ 14415 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 71 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 21 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 86 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 17 പേരും വീടുകളില്‍ 14220 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 11140 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10751 എണ്ണത്തിന്റെ ഫലം വന്നു. 389 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Latest