Kerala
രോഗം ഉള്ളവരേയും ഇല്ലാത്തവരേയും വിമാനത്തില്‍ ഒരുമിച്ച് കൊണ്ടുവരരുത്; കൊവിഡ് പരിശോധന നടത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം | വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണമെന്ന് നേരത്തെ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവരുന്നതാണ്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുറമെ വന്ദേ ഭാരത് മിഷനില്‍ വരുന്ന യാത്രക്കാരേയും പരിശോധനക്ക് വിധേയമാക്കണെമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ പറ്റില്ല. അങ്ങനെ ചെയ്താല്‍ വലിയ അപകടം ഉണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പല രാജ്യങ്ങളിലും പരിശോധനാ സൗകര്യമില്ലാത്തതാണ് പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നത്.
സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ്‌ജെറ്റിന്റെ 300 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് സംസ്ഥാനം അനുമതി നല്‍കിയിരുന്നു. സ്‌പൈസ് ജെറ്റിന്റെ വിമാനത്തിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കുമെന്ന് കമ്പനി തന്നെ അറിയിച്ചിരുന്നു. ഇതേ മാതൃക മറ്റ് കമ്പനികളും തുടരണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ആഗ്രഹം.
പരിശോധനക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ എംബസികളുമായി ബന്ധപ്പെട്ട് അത് ഏര്‍പ്പെടുത്തി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്വറില്‍ കൊവിഡ് നെഗറ്റീവായവര്‍ക്ക് മാത്രമാണ് പൊതുഇടങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി. ഇവിടെ മറ്റൊരു പരിശോധനയുടെ ആവശ്യമില്ല. യു എ ഇയിലും വിമാന യാത്രക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ഇതുപോലെ മറ്റ് രാജ്യങ്ങളിലും പരിശോധന സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു