Connect with us

Covid19

കൊവിഡ് ചികിത്സക്ക് ഡെക്‌സമെതസോൺ: മാർഗരേഖ പുതുക്കുമെന്ന് ലോകാരോഗ്യ സംഘടന

Published

|

Last Updated

ജനീവ| കൊവിഡ് 19 ബാധിതരെ ചികിത്സിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസമാണ് കുറഞ്ഞ ചെലവിൽ നിർമിക്കുന്നതും സാധാരണമായതുമായ മരുന്നായ ഡെക്‌സമെതസോണിൽ വൈറസ് ചികിത്സക്ക് ഫലപ്രദമാകുമെന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ രംഗത്തെത്തിയത്. നേരിയ തോതിൽ മാത്രം സ്റ്റീറോയിഡ് അടങ്ങിയ ഇത് ഗുരുതര രോഗികളെ കൂടി രക്ഷപ്പെടുത്തി കൊവിഡ് മരണനിരക്ക് മൂന്നിലൊന്നായി കുറക്കാൻ ഉപകാരപ്രദമാകുമെന്നാണ് ഗവേഷണഫലങ്ങൾ തെളിയിക്കുന്നത്. കൊറോണവൈറസിനെതിരായ പോരാട്ടത്തിലെ നിർണായക കണ്ടെത്തലാണ് ഇതെന്ന് വിദഗ്ധരുടെ അവകാശവാദം.

1960 മുതൽ സന്ധിവാതം,ആസ്തമ, അലർജി പോലുള്ള രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഡെക്‌സമെതസോൺ. കൊവിഡ് രോഗികളിൽ പ്രതിരോധ ശേഷി കൈവരിക്കാൻ ഉതകുന്ന മരുന്ന് കണ്ടെത്താനായി നിരവധി പഠന-ഗവേഷണങ്ങളാണ് ആഗോളതലത്തിൽ നടക്കുന്നത്. അതിനിടെയാണ് കുറഞ്ഞ ചെലവിൽ രോഗം ഭേദമാക്കാൻ ഡെക്‌സാമെതസോണിന് കഴിയുമെന്ന വെളിപ്പെടുത്തൽ.

അതേസമയം, പുതിയ കൊറോണവൈറസ് ബാധിതരെ ചികിത്സിക്കുന്നതിനുള്ള ലോകാരോഗ്യസംഘടനയുടെ ക്ലിനിക്കൽ മാർഗനിർദേശം ഡോക്ടർമാരെയും മറ്റ് മെഡിക്കൽ പ്രൊഫഷനലുകളെയും ലക്ഷ്യമിട്ടാണ്. കൂടാതെ സ്‌ക്രീനിംഗ് മുതൽ ഡിസ്ചാർജ് വരെ രോഗത്തിന്‌റെ എല്ലാ ഘട്ടങ്ങളും എങ്ങിനെ മികച്ച രീതിയിൽ നിർവഹിക്കാമെന്ന് ക്ലീനിക്കുകൾക്ക് നിർദേശം നൽകുന്നതിനും പുതിയ മാർഗനിർദേശങ്ങൾ ഉപകരിക്കും. ഡെക്‌സമെതസോൺ പഠന ഫലങ്ങൾ പ്രാഥമികമാണെങ്കിലും ഗുരുതര രോഗികളിൽ ഉപയോഗിച്ചുതുടങ്ങാമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

ലോകാരോഗ്യ സംഘടനയുമായി പങ്കുവെച്ച പ്രാഥമിക കണ്ടെത്തലുകളിൽ മരുന്ന് വെന്‌റിലേറ്ററുകളിലുള്ള രോഗികളുടെ മരണനിരക്ക് മൂന്നിലൊന്നായി കുറക്കുകയും കൃത്രിമശ്വാസം നൽകുന്നവരിലെ മരണനിരക്ക് അഞ്ചിലൊന്നായി കുറക്കുകയും ചെയ്തെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. എന്നാൽ രോഗം ഗുരുതരമല്ലാത്തവരിൽ മരുന്ന് എങ്ങനെ പ്രതിപ്രവർത്തിക്കുമെന്ന് കണ്ടെത്തിയിട്ടില്ല.

കൊവിഡ് 19 ബാധിതരായ കൃത്രിമശ്വാസത്തിന്‌റെയോ വെന്‌റിലേറ്ററിന്റെയോ പിന്തുണ ആവശ്യമുള്ള രോഗികളിൽ നടത്തുന്ന ആദ്യ ചികിത്സയാണിതെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് പറഞ്ഞു.