International
ഇന്ത്യയും ചൈനയും സംയമനം പാലിക്കണം: ഐക്യരാഷ്ട്രസഭ

ന്യൂഡല്‍ഹി | ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സഭ. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിച്ച് വരുകയാണെന്നും യു എന്‍ അറിയിച്ചു. ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവില്‍ അനുശോചനം അറിയിച്ച് അമേരിക്ക രംഗത്തെത്തി. അതിനിടെ അതിര്‍ത്തിയില്‍ നിന്ന് ഹെലികോപ്ടര്‍ വഴി ചൈന രക്ഷാ പ്രവര്‍ത്തനം നടത്തുന്നതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 42 ഓളം ചൈനീസ് സൈനികര്‍ക്ക് മരണമോ, പരുക്കോ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
അതിനിടെ കഴിഞ്ഞ ദിവസം സംഘര്‍ഷം നടന്ന ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ നിന്ന് ഇരു രാജ്യങ്ങളുടേയും സേനകള്‍ പിന്‍മാറി. സമാധാന നടപടികള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ യോഗം ചേര്‍ന്ന് ഇന്ന് സ്ഥിതി വിലയിരുത്തും. 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് കഴിഞ്ഞ ദിവസത്തെ ചൈനീസ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ചൈനീസ് പീപ്പിള്‍സ് ആര്‍മി കുന്നില്‍ മുകളില്‍ പതിങ്ങിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 500 ഓളം ചൈനീസ് സൈനികരാണ് ആക്രമണത്തില്‍ പങ്കെടുത്തത്.