Connect with us

Articles

ഉപജീവനത്തില്‍ നിന്ന് മത്സരത്തിലേക്ക്

Published

|

Last Updated

വെള്ളയിലെ പീലിംഗ് ഷെഡ്ഡില്‍ തലകുമ്പിട്ടിരുന്ന് സ്രാവുകുഞ്ഞുങ്ങളെ ഉണക്കമീനാക്കാന്‍ കീറിയിടുകയായിരുന്നു ഉസ്മാന്‍. കടലോരത്ത് ജനിച്ചു വളര്‍ന്ന ഉസ്മാന്‍ വരുമാനം കുറഞ്ഞതോടെ മീന്‍പിടിത്തത്തില്‍ നിന്ന് മാറി വിവിധ അനുബന്ധ തൊഴിലുകള്‍ ചെയ്ത് ഒടുവില്‍ പീലിംഗ് ഷെഡ്ഡില്‍ എത്തിനില്‍ക്കുകയാണ്. “കുടുംബം പോറ്റാന്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങുന്നു. ചില ദിവസം പണിയുണ്ടെങ്കിലായി”… അങ്ങേയറ്റത്തെ നിരാശയോടെ അദ്ദേഹം പണിയില്‍ മുഴുകി.

എണ്‍പതുകള്‍ക്ക് മുമ്പ് വരെ മത്സ്യ ഉത്പാദന വര്‍ധനക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു സര്‍ക്കാര്‍ സമീപനം. എണ്‍പതുകളുടെ അവസാനത്തോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യ വിഹിതവും ഉത്പാദന ക്ഷമതയും ഗണ്യമായി കുറഞ്ഞു. ഈ സാഹചര്യം തീരമേഖലയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെയാണ് നിയന്ത്രണ നിയമങ്ങളും ക്ഷേമ പദ്ധതികളും ആവിഷ്‌കരിക്കപ്പെടുന്നത്. എങ്കിലും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയായിരുന്നു.

എണ്‍പതുകളില്‍ സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം അതിവേഗമായിരുന്നു. ഇതോടെ മത്സ്യമേഖലയുടെ പാരമ്പര്യ സ്വഭാവത്തിനു മങ്ങലേറ്റു. ഒരു ജനസമൂഹം ഉപജീവനത്തിനു വേണ്ടി ആശ്രയിച്ചിരുന്ന മത്സ്യ മേഖല വാണിജ്യവത്കരിക്കപ്പെട്ടത് ലാഭത്തെ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നായി അതു മാറാന്‍ കാരണമായി.
എഴുപതുകളില്‍ കേരളത്തിലെ മത്സ്യോത്പാദനം ക്രമമായി കുറഞ്ഞുകൊണ്ടിരുന്നു. 1980 ആയപ്പോഴേക്കും ഉത്പാദനം നന്നേ കുറഞ്ഞു. കുറഞ്ഞ മീന്‍ പിടിക്കാന്‍ വലിയ പണം ചെലവഴിക്കേണ്ടിവന്നു. മത്സ്യബന്ധനം വ്യവസായമായിത്തീര്‍ന്നതോടെ കൂടുതല്‍ മത്സ്യം പിടിക്കാന്‍ സാങ്കേതിക വിദ്യകള്‍ പുതുക്കിക്കൊണ്ടിരുന്നു.
തൊണ്ണൂറുകളോടെ വന്‍ മുതല്‍ മുടക്ക് ആവശ്യമുള്ള സാങ്കേതികവിദ്യ ആവശ്യമായി വന്നു. കടലില്‍ കടുത്ത മത്സരം തുടങ്ങി. വലിയ തോതില്‍ മത്സ്യം വലയിലാക്കാനുള്ള ശേഷിയുണ്ടായി. എന്നാല്‍ മത്സ്യ സമ്പത്ത് ശോഷിച്ചുകൊണ്ടിരുന്നു. മത്സ്യ മേഖലയുടെ നിലനില്‍പ്പ് തന്നെ ചോദ്യംചെയ്യപ്പെട്ടു.

എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മത്സ്യ ബന്ധന മേഖലയില്‍ മത്സ്യാകര്‍ഷണ വിളക്കുകള്‍ പ്രത്യക്ഷപ്പെട്ടു.
വെളുത്ത പക്ഷ രാത്രികളില്‍ ചൂണ്ടയും കറുത്ത പക്ഷ രാത്രികളില്‍ ഒഴുക്കുവലയും ആയിരുന്നു മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. മത്സ്യാകര്‍ഷണ വിളക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ചൂണ്ടപ്പണിക്കാരും കറുത്ത പക്ഷ രാത്രികളില്‍ കടലില്‍ പോയി.
വിളക്കുപയോഗിച്ചുള്ള മീന്‍പിടിത്തം കാരണം പകല്‍ സമയത്ത് മീന്‍പിടിക്കുന്നവര്‍ക്ക് മീന്‍ കിട്ടുന്നത് കുറയാന്‍ തുടങ്ങിയെന്ന് ആരോപണമുയര്‍ന്നു. 1995 കാലത്ത് മത്സ്യാകര്‍ഷണ വിളക്ക് ഉപയോഗിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം പല ഭാഗത്തും രൂക്ഷമായി.
(തുടരും)

എം ബിജുശങ്കര്‍

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest