Connect with us

National

ചൈനീസ് സൈന്യത്തിന്റെ ആക്രമണം; അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് പ്രതിരോധ മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയില്‍ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കര-വ്യോമ-നാവിക സേനകളുടെ മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഉച്ചക്ക് ഒന്നരയോടെയാണ് യോഗം സമാപിച്ചത്. പ്രതിരോധ മന്ത്രി ഉടന്‍ തന്നെ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. സ്ഥിതിഗതികള്‍ വിശദീകരിച്ചു കൊണ്ട് സൈന്യം വാര്‍ത്താ സമ്മേളനം നടത്തും. തുടര്‍ന്ന് പ്രതിരോധ മന്ത്രിയും വിശദാംശങ്ങള്‍ വെളിപ്പെടുത്തും.
അതേസമയം, ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തികടന്ന് തങ്ങളുടെ സൈനികരെ അക്രമിച്ചതായി ചൈന ആരോപിച്ചു. സംഘര്‍ഷത്തില്‍ ചൈനയുടെ ഭാഗത്ത് അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്.

ഇന്നലെ രാത്രിയാണ് ഗാല്‍വന്‍ വാലിയിലെ അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണം ഉണ്ടായത്.
രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ക്കും ഒരു കേണലിനുമാണ് ആക്രമണത്തില്‍ വീരമൃത്യു സംഭവിച്ചത്. ആന്ധ്ര സ്വദേശിയായ കേണല്‍ ബി സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. 45 വര്‍ഷത്തിന് ശേഷമാണ് ചൈനീസ് അതിര്‍ത്തിയില്‍ മരണം ഉണ്ടാകുന്ന തരത്തിലുള്ള ഏറ്റുമുട്ടലുണ്ടാകുന്നത്. 1975ന് ശേഷം ഇവിടെ ഒരു ഇന്ത്യന്‍ സൈനികനും മരിച്ചിട്ടില്ല.

Latest