Kerala
സക്കീര്‍ ഹുസൈനെ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിട്ടില്ലെന്ന് സി പി എം

കൊച്ചി | വി എ സക്കീര്‍ ഹുസൈനെ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിട്ടില്ലെന്ന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. സക്കീറിനെതിരായ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടക്കുകയാണ്. ഇന്നലെ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുക്തമായ തീരുമാനം പാര്‍ട്ടി എടുക്കും. ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമ്പോള്‍ അറിയിക്കുമെന്നും സി എന്‍ മോഹനന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
തന്നെ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് സക്കീറും പ്രതികരിച്ചു. മാധ്യമങ്ങളിലാണ് ഇക്കാര്യം അറിഞ്ഞത്. ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ തനിക്കാവില്ല. വ്യക്തി എന്ന നിലക്ക് എന്റെ വീടും ജീവിതവും ജനങ്ങള്‍ക്ക് അറിയുന്നതാണ്. ഇത് സംബന്ധിച്ച് തനിക്ക് എന്തെങ്കിലും പറയേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടിക്ക് അകത്ത് പറയും. അനധികൃതമായി ഒരു രൂപയും താന്‍ സമ്പാദിച്ചിട്ടില്ല. തന്റെ പേരില്‍ ഭൂമിയില്ല. തനിക്ക് ഭിനാമിയും ഇല്ല.
മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങി കളമശ്ശേരിയിലെ ഒരു ഗുണ്ടയാണ് തനിക്കെതിരെ പരാതി നല്‍കിയത്. തനിക്കെതിരായ ആരോപണങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നില്‍ പാര്‍ട്ടിക്കാര്‍ ആരുമല്ല. പാര്‍ട്ടിയുടെ ശത്രുക്കളാണ് അതിന് പിന്നില്‍. താന്‍ തെറ്റ് ചെയ്‌തെന്ന് പാര്‍ട്ടിക്ക് ബോധ്യമായാല്‍ നടപടിയുണ്ടാകും. അതാണ് പാര്‍ട്ടിയുടെ പാരമ്പര്യമെന്നും സക്കീര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി സക്കീറിനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ കമിറ്റിയില്‍ നിന്നും ഒഴവാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായി. പാര്‍ട്ടി ജില്ലാ ഭാരവാഹികള്‍ തന്നെ രഹസ്യമായി പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ സക്കീര്‍ ഹുസൈനെതിരെ നടപടി എടുക്കാന്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.